ഇരിങ്ങാലക്കുട: കാട്ടൂർ ബൈപാസ് നവീകരണം ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ നിർമാണ പ്രവൃത്തികളുടെ ടെൻഡറുകൾക്ക് നഗരസഭ യോഗത്തിന്റെ അംഗീകാരം. ഹിൽ പാർക്ക് പ്ലാന്റിൽ എം.സി.എഫ് നിർമാണം, താലൂക്ക് ആശുപത്രി യാർഡിൽ ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പട്ടികയിലുള്ളത്.
തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കരാർ പുതുക്കി നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കരാറുകാരന്റെ പ്രവൃത്തി സംബന്ധിച്ച് കാര്യമായ ആക്ഷേപങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടെൻഡർ വിളിക്കാതെ കരാർ പുതുക്കുന്നത്.
ടെൻഡർ ഒഴിവാക്കിയുള്ള നടപടി ഓഡിറ്റിങ്ങിൽ പ്രശ്നമാകുമെന്നും കുറഞ്ഞ തുകയിൽ ടെൻഡർ ലഭിച്ചാൽ പരിശോധിക്കേണ്ടി വരുമെന്നും എൻജിനീയറിങ് വിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ നിർവഹണ രീതി മാത്രമേ മാറുന്നുള്ളൂവെന്നും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വിഷയം സങ്കീർണമാക്കുകയാണ് എൻജിനീയറിങ് വിഭാഗം ചെയ്യുന്നതെന്നും വൈസ് ചെയർമാൻ ടി.വി. ചാർലി പറഞ്ഞു. ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി ബാധിതരുടെ യോഗം വിളിക്കാൻ തീരുമാനമായി.
അംഗങ്ങളായ ജെയ്സൻ പാറേക്കാടൻ, സന്തോഷ് ബോബൻ, എം.ആർ. ഷാജു, അൽഫോൺസ തോമസ്, അഡ്വ. ജിഷ ജോബി, ജസ്റ്റിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.