

കനകകുമാരി സംഭവങ്ങള്‍ വിശദീകരിക്കുന്നു
ഗുരുവായൂര്‍: മാവിന്‍ചുവട്-ഇരിങ്ങപ്പുറം മദ്റസ റോഡ് പരിസരത്തെ രണ്ട് വീടുകളില്‍ കവര്‍ച്ച. അമ്പാടി നഗറില്‍ ഈശ്വരീയം വീട്ടില്‍ പരമേശ്വരന് നായരുടെ ഭാര്യ കനകകുമാരിയുടെ (62) മാല വീട്ടിനുള്ളില്‍ കയറി പൊട്ടിച്ച് മോഷ്ടാവ് മതില്‍ചാടി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെ കനകകുമാരി പൂജാമുറിയില്‍ വിളക്ക് വെച്ചുകൊണ്ടിരിക്കെയാണ് മോഷ്ടാവ് മതില് ചാടിക്കടന്ന് മുറിയിലെത്തി മാല പൊട്ടിച്ചത്.
പിടിവലിക്കിടെ മാലയിലെ താലിയും ഗുരുവായൂരപ്പന്റെ സ്വര്‍ണലോക്കറ്റും കൊളുത്തഴിഞ്ഞ് വീണതിനാല്‍ അവ നഷ്ടപ്പെട്ടില്ല. നേരത്തേ എഴുന്നേല്ക്കുന്ന കനകകുമാരി വീടിന് മുന്നിലെ വാതില്‍ തുറന്നിടാറുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി പരമേശ്വരന് നായര്‍ ആറുമാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. സഹോദരിയുടെ മകളും ഭര്‍ത്താവും ഇവരോടൊപ്പമുണ്ട്. ഇവരെല്ലാവരും ഉറക്കത്തിലായിരുന്നു. മൂന്നുപവന്‍ വരുന്ന മാലയാണ് നഷ്ടപ്പെട്ടതെന്ന് കനകകുമാരി പറഞ്ഞു.
ചുവന്ന ടീഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ച അഞ്ചര അടിയിലധികം ഉയരമുള്ളയാളാണ് മോഷ്ടാവെന്ന് അവര്‍ പറഞ്ഞു. മാല പിടിച്ചു വലിച്ച് പൊട്ടിച്ചതല്ലാതെ ദേഹോപദ്രവം ഏല്‍പ്പിച്ചില്ലെന്നും പറഞ്ഞു. ഇതിന് തൊട്ടടുത്ത് ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്‍ വാടകക്ക് താമസിക്കുന്ന വീട്ടിലും മോഷണം നടന്നു.
പൂട്ടി കിടന്ന വീട് താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. സെബാസ്റ്റിയന്റെ ഭാര്യ ജിന്നി ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും 500 രൂപയുമാണ് നഷ്ടപ്പെട്ടത്. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ രാത്രിയിലെ ട്രെയിനിലാണ് ജോലി സ്ഥലത്തേക്ക് പോയത്. വീടിന്റെ താക്കോല്‍ കട്ടിലയുടെ മുകളിലാണ് വെച്ചിരുന്നത്.
ഭാര്യ ജിന്നിയും മക്കളും തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള സഹോദരന്റെ വീട്ടിലായിരുന്നു.
രാവിലെ മകന് ധാന് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറിയാകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. കട്ടിലക്ക് മുകളില്‍ വെച്ചിരുന്ന താക്കോല്‍ എടുത്താണ് മോഷ്ടാവ് വീട് തുറന്നിട്ടുള്ളത്. ഗുരുവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.