

എ.കെ.എ. റഹിമാൻ
കൊടുങ്ങല്ലൂർ: അസാധാരണത്വം ഉൾചേർന്ന സവിശേഷ ജീവിതത്തിന്റെ ഓർമകൾ സമൂഹത്തിന് സമർപ്പിച്ചാണ് എ.കെ.എ. റഹിമാന്റെ അന്ത്യയാത്ര. സൈക്കിളിൽ ലോകം ചുറ്റിയ ഈ സഞ്ചാരി ഊർജസ്വലമായ മനസ്സോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്നു. മനസ്സിൽ പതിയുന്ന നാടിനും മനുഷ്യർക്കും ഗുണകരമായ ആശയങ്ങൾ തന്റേതായ ശൈലിയിൽ പുസ്തകങ്ങളാക്കി മാറ്റുക റഹിമാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു.
2019ൽ കൊടുങ്ങല്ലൂരിൽ റഹിമാന് നൽകിയ പൗരസ്വീകരണം 200ാമത് പുസ്കത്തിന്റെ പ്രകാശന വേദി കൂടിയായിരുന്നു. സാർവലൗകിക ആശയങ്ങൾ സമന്വയിക്കുന്ന വ്യക്തിത്വമായ റഹിമാന്റെ ചെറിയ പുസ്തകങ്ങൾ വലിയ ആശയങ്ങളുടെ ലോകമാണെന്നാണ് ആ ചടങ്ങിൽ ജസ്റ്റിസ് കെ. സുകുമാരൻ അഭിപ്രായപ്പെട്ടിരുന്നു. റഹിമാന്റെ രണ്ട് യാത്രാപുസ്തകങ്ങൾക്ക് അവതാരിക എഴുതിയത് സി. അച്യുതമേനോനാണ്.
1983 മുതൽ 1988 വരെയായിരുന്നു സൈക്കിളിൽ അഞ്ച് ഭൂഖണ്ഡങ്ങൾ ചുറ്റി റഹിമാന്റെ സഞ്ചാരം. കെനിയയിൽ നിന്നായിരുന്നു തുടക്കം. ജോലി അന്വേഷണത്തിനിടെയാണ് കെനിയയിൽ എത്തിയത്. ജോലി ലഭിച്ചില്ല. പക്ഷെ അവിടെ ചുറ്റിത്തിരിയുന്നതിനിടെ ജയിലിലുമായി. നല്ലൊരു ഉദ്യോഗസ്ഥൻ റഹിമാന്റെ കാര്യങ്ങൾ അറിഞ്ഞതോടെ വിട്ടയച്ചു. ഇതിനിടെ കെനിയയിൽ വെച്ച് സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ ആന്ധ്രാപ്രാദേശ് സ്വദേശി മോഹൻകുമാറിനെ പരിചയപ്പെട്ടു.
ആ പ്രചോദനത്തിൽ നിന്നായിരുന്നു റഹിമാന്റെ ലോക സൈക്കിൾ യാത്ര. കെനിയ, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇരുവരും ഒന്നിച്ചാണ് സൈക്കിളിൽ കറങ്ങിയത്. ഒരിക്കൽ സ്വിറ്റ്സർലന്റിൽ വെച്ച് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ആദ്യഘട്ട യാത്ര അവസാനിപ്പിച്ച റഹിമാൻ നാട്ടിലേക്ക് തിരിച്ച അനുഭവമുണ്ടായിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ പണികഴിപ്പിച്ച വീടിന് ‘യാത്ര’എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്. തിക്താനുഭവങ്ങളും പ്രതിസന്ധികളും അതിജീവിച്ചും സന്തോഷകരമായ അനുഭവങ്ങൾ നെഞ്ചേറ്റിയും ലോക സംസ്കാരത്തെ തൊട്ടറിഞ്ഞ ആ യാത്രികനെ ജന്മനാട് അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്.
സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും സാമൂഹ്യ സേവനത്തിലും പത്രപ്രവർത്തനത്തിലും ഡിപ്ലോമയും നേടിയ ശേഷം മഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ, തിരൂർ എസ്.എസ്.എം. പോളിടെക്നിക്കിൽ അസി. ലക്ചറർ, തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ, ഫാറൂഖ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ ജൂനിയർ ലക്ചറർ, കേരള സർവകലാശാല റിസർച്ച് അസിസ്റ്റന്റ്, വിശ്വവിജ്ഞാനകോശം അസി. എഡിറ്റർ, കൊച്ചിൻ ഡോക് ലേബർ ബോർഡിൽ ലേബർ ഇൻസ്പെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
നവകേരള പബ്ലിഷിങ്ങ് ഹൗസ് ഭാരവാഹി, ദേശീയോദ്ഗ്രഥനവേദി പ്രസിഡന്റ്, ദേശീയോദ്ഗ്രഥനം മാസിക ചീഫ് എഡിറ്റർ, ഖുർആൻ-സുന്നത്ത് സൊസൈറ്റി പ്രസിഡന്റ്, കേരള സഹൃദയമണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.
ദേശീയോദ്ഗ്രഥനം സലഫി അവാർഡ്, സഹൃദയവേദി, അക്ഷരസ്നേഹി, കേരള നവോത്ഥാന സമിതി, വിചാരലോകം സാഹിത്യം, കേരള നവോത്ഥാന സംസ്കൃതി, ധാർമികത മാസിക എക്സലൻസി, മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ദേസീയോദ്ഗ്രഥന അവാർഡ് തുടങ്ങി ധാരാളം അംഗീകാരങ്ങൾക്കും ഇദ്ദേഹം അർഹനായിട്ടുണ്ട്.