

കൊടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കെ.ജെ. ഡെനിൻ ദേശീയപാതയിൽ കേടായ കെ.എസ്.ആർ.ടി.സി ബസ് നന്നാക്കുന്നു
ചാലക്കുടി: മുരിങ്ങൂർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടുറോഡിൽ ബ്രേക്ക് ഡൗണായ ബസ് റിപ്പയർ ചെയ്യാൻ മുന്നിട്ടിറങ്ങിയ പൊലീസുകാരന് അഭിനന്ദനം. കൊടകര പൊലീസ് സ്റ്റേഷനിലെ ഇഞ്ചകുണ്ട് സ്വദേശി കെ.ജെ. ഡെനിൻ ആണ് സന്ദർഭോചിതമായ സേവനത്തിന് കൈയടി നേടിയത്. മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സിംഗിൾ ലൈനായി ഗതാഗതം ക്രമീകരിച്ചിരിക്കുന്ന ഭാഗത്ത് എയർ ബ്രേക്ക് ജാം ആയി റോഡിൽ ഒരു വാഹനങ്ങൾക്കും കടക്കാനാവാത്ത വിധം ബ്ലോക്കായി കിടന്ന കെ.എസ്.ആർ.ടി.സി ബസ് നന്നാക്കിയാണ് ഡെനിൻ മാതൃകയായത്. കുറഞ്ഞ സമയം കൊണ്ട് തന്നെ വാഹനനിര ചാലക്കുടി കഴിഞ്ഞ് പേരാമ്പ്ര വരെ എത്തിയിരുന്നു.
മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്തായിരുന്നു ഡെനിന് ഡ്യൂട്ടി. കെ.എസ്.ആർ.ടി.സി മെക്കാനിക്ക് ടീം എത്താൻ വൈകും എന്ന് മനസ്സിലാക്കിയ ഡെനിൻ ഉടനെ കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിലേക്ക് ചെന്ന് എയർ ബ്രേക്ക് ശരിയാക്കുകയായിരുന്നു. കൂടെ ഹൈവേ പൊലീസ് സബ് ഇൻസ്പെക്ടർ ലിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ്, ഷബീർ എന്നിവരുമുണ്ടായി. കൊരട്ടി പൊലീസ് സബ് ഇൻസ്പെക്ടർ ഒ.ജി. ഷാജുവും സഹായത്തിനുണ്ടായിരുന്നു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നടപടിയെടുത്ത ഡെനിനെ മേലുദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.