

ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നിർമിച്ച കുട
ചെറുതുരുത്തി: ‘ഈ ഗഡികൾ ഉണ്ടാക്കിയ റോബോട്ട് കുട കൊള്ളാട്ടാ…’. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് ഉയർത്തിയ, കുട്ടി ചെണ്ട കൊട്ടുന്ന സ്പെഷൽ റോബോട്ടിക് കുടയെക്കുറിച്ചാണ് ആളുകൾ കൗതുകത്തോടെ പറയുന്നത്. ആനപ്പുറത്ത് റോബോട്ടിക് കുട ഹിറ്റായ സന്തോഷത്തിലാണ് ചെറുതുരുത്തി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിങ് കോളജിലെ ഒരുപറ്റം വിദ്യാർഥികളും അധ്യാപകരും.
മാസങ്ങളോളം ആലോചിച്ച് തയ്യാറാക്കിയ സ്പെഷൽ റോബോട്ടിക് കുടക്ക് പിന്നിൽ റോബോ ടസ്കേഴ്സ് സ്റ്റാർട്ടപ്പ് കൂട്ടായ്മയിലെ 25 അംഗങ്ങൾ കൂടാതെ കോളജിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ, അവസാനവർഷ വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ പ്രയത്നമുണ്ട്.
ചെറിയ കുട്ടി ചെണ്ട കൊട്ടുന്ന കുട പൂരപ്രേമികളിൽ ഏറെ ആവേശവും കൗതുകവും ഉണ്ടാക്കിയിരുന്നു. പരീക്ഷണമായി ആദ്യം ഒരു കുട നിർമിച്ച് പാറമേക്കാവ് വിഭാഗത്തിനു നൽകി. അവർ പൂർണപിന്തുണ അറിയിച്ചതോടെ സംഘം തൃശൂരിലെത്തി മൂന്ന് ആഴ്ചകൾകൊണ്ട് 14 സെറ്റ് കുട നിർമിച്ചു നൽകി.