
ഇരിങ്ങാലക്കുട: രണ്ട് എം.ഡി.എം.എ കേസുകളിലെ പ്രതികള്‍ക്ക് രാസലഹരി എത്തിച്ചുനല്‍കിയ അന്തര്‍സംസ്ഥാന ലഹരി മാഫിയയിലെ പ്രധാന കണ്ണിയെ റൂറല്‍ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മേത്തല കടുക്കച്ചുവട് സ്വദേശി മണിക്കകത്ത് വീട്ടില്‍ ജിത്തുരാജ് (29) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയില്‍ എത്തിച്ച പ്രതിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട ഠാണാവില്‍ നിന്ന് 245.72 ഗ്രാം എം.ഡി.എം.എയും പുതുക്കാട് ടോള്‍ പ്ലാസയില്‍ വെച്ച് 90.20 ഗ്രാം എം.ഡി.എം.എയും പിടികൂടിയ കേസുകളില്‍ നടത്തിയ അന്വേഷണമാണ് ജിത്തുരാജിലേക്ക് എത്തിയത്. ജിത്തുരാജ് ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
നേരത്തേ രണ്ട് മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായ പ്രതികള്‍ക്ക് എം.ഡി.എം.എ എത്തിച്ചുനല്‍കിയത് ജിത്തുരാജാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്റെ നിർദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി രതീഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തമിഴ്നാട് ചെന്നൈയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോൺ ഉപയോഗിക്കാതെ ചെന്നൈയിലെ പല രഹസ്യ സ്ഥലങ്ങളിലും മാറിമാറിയാണ് പ്രതി താമസിച്ചിരുന്നത്. എം.ഡി.എം.എ കടത്താനായി കാറുകളില്‍ പ്രത്യേക രഹസ്യ അറ നിർമിക്കുന്നതിലും വിദഗ്ധനായിരുന്നു പിടിയിലായ പ്രതി.
അറസ്റ്റിലായ ജിത്തുരാജ് താമരശ്ശേരി, കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി രണ്ട് മോഷണ കേസുകളിലും ഒരു വധശ്രമക്കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അപകടകരമായി വാഹനമോടിച്ച കേസിലും അടക്കം ഏഴ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ ഡാന്‍സാഫ് എസ്.ഐ സി.ആർ. പ്രദീപ്, എ.എസ്.ഐ ലിജു ഇയ്യാനി, ജി.എസ് സി.പി.ഒ സി.കെ. ബിജു, സി.പി.ഒമാരായ എം.ബി നിഷാന്ത്, സുര്‍ജിത് സാഗര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.




