
കുന്നംകുളം: കുതിപ്പും വീറുറ്റ പോരാട്ടങ്ങളുമായി നാലു ദിനങ്ങളിലായി കുന്നംകുളത്തെ സീനിയർ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്കിൽ നടന്ന 22ാമത് റവന്യൂ ജില്ല കായികമേള സമാപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 169 പോയന്റ് നേടി തൃശൂർ ഈസ്റ്റ് ഉപജില്ല ചാമ്പ്യൻപട്ടം കരസ്ഥമാക്കി.
154 പോയന്റോടെ ചാലക്കുടി ഉപജില്ല രണ്ടാം സ്ഥാനവും ആതിഥേയരായ കുന്നംകുളം ഉപജില്ല 129 പോയന്റോടെ മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിഭാഗത്തിൽ അവസാന നിമിഷം നാട്ടിക ഫിഷറീസ് ഗവ. എച്ച്.എസ്.എസിനെ പിന്തള്ളി ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി.ശനിയാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ഡി.ഇ.ഒ കെ.പി. സ്റ്റീവി, തൃശൂർ ഡി.ഡി.ഇ ടി. ഷൈല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനി മോൻസി, മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 3,668 കുട്ടി കായികതാരങ്ങളാണ് മേളയിൽ മാറ്റുരച്ചത്. ഒരു ദിവസം ഏകദേശം ആയിരത്തോളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും ഭിന്നശേഷി വിദ്യാർഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് മത്സരവും ക്രമീകരിച്ചിരുന്നു. മേളയിലെ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലുകൾ മൂന്നാം ദിനത്തിലും വിവിധ വിഭാഗങ്ങളിലെ 4 x 400 മീറ്റർ റിലേ ഫൈനൽ മത്സരങ്ങൾ അവസാന ദിവസവും നടന്നു.




