ഗുരുവായൂർ: ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം (എഴുന്നള്ളിപ്പിനുള്ള തുക). കുംഭഭരണി നാളിലെ എഴുന്നള്ളിപ്പിന് 2,72,727 രൂപക്കാണ് ഇന്ദ്രസെന്നിനെ മുളങ്കുന്നത്തുകാവ് ശ്രീ വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രം ഭരണി വേല കമ്മിറ്റിക്കാർ സ്വന്തമാക്കിയത്.
ഒരു ലക്ഷം രൂപയാണ് ഇന്ദ്രസെന്നിന് ദേവസ്വം നിശ്ചയിച്ച ഏക്കത്തുക. കുംഭഭരണി നാളിലേക്ക് ഒന്നിൽ കൂടുതൽ ആവശ്യക്കാരായതോടെ ലേലത്തിലൂടെ തുക നിശ്ചയിക്കുകയായിരുന്നു. ഭരണി വേല കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയൻ, സെക്രട്ടറി സതീഷ് നായർ എന്നിവരാണ് ലേലം കൊണ്ടത്.
പത്മനാഭനും നന്ദനും ലഭിച്ച 2,22,222 രൂപയായിരുന്നു ഏക്കത്തുകയിലെ നിലവിലെ റെക്കോഡ്. 2004ൽ നെന്മാറ -വല്ലങ്ങി വേലക്ക് വല്ലങ്ങി വിഭാഗമാണ് പത്മനാഭനെ 2,22,222 രൂപക്ക് ഏക്കം കൊണ്ടത്. 2020ൽ മുളങ്കുന്നത്തുകാവ് വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിക്ക് നന്ദനെയും 2,22,222 രൂപക്ക് ഏക്കം കൊണ്ടിരുന്നു. ആ റെക്കോഡുകളാണ് ഇപ്പോൾ വഴിമാറിയത്. കൊമ്പൻ നന്ദനെ 2,10,211 രൂപക്ക് ചേന്നംകുളങ്ങര ഭഗവതി ക്ഷേത്രം ഭാരവാഹികൾ എഴുന്നള്ളിപ്പിനായി സ്വന്തമാക്കിയിട്ടുണ്ട്.
നന്ദനും ദേവസ്വം നിശ്ചയിച്ചത് ഒരു ലക്ഷം രൂപയാണ്. കൊമ്പൻ സിദ്ധാർഥനെ 1,11,111 രൂപക്കും കൊമ്പൻ പീതാംബരനെ 86,000 രൂപക്കും ലേലം ഉറപ്പിച്ചു. കുംഭഭരണി എഴുന്നള്ളിപ്പിനായി ദേവസ്വത്തിലെ ഒമ്പത് ആനകളെ വിവിധ ക്ഷേത്ര സമിതികൾ 10,98,049 രൂപക്കാണ് ലേലം ഉറപ്പിച്ചത്. ഫെബ്രുവരി 25നാണ് കുംഭഭരണി.