വാടാനപ്പള്ളി: ദേശീയ പാതയിൽ വാടാനപ്പള്ളി മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്നു ജീവൻ. പരിക്കേറ്റത് നിരവധി പേർക്ക്. ഏങ്ങണ്ടിയൂരിലാണ് ആദ്യ അപകട മരണത്തിന് തുടക്കമിട്ടത്. ഈ മാസം രണ്ടിന് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി പാവറട്ടി പാലുവായ് പുളിച്ചാരം വീട്ടിൽ ഷാജിതയാണ് തൽക്ഷണം മരിച്ചത്. അഞ്ചിന് വൈകീട്ട് തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപം മീൻ ലോറി ബുള്ളറ്റിൽ ഇടിച്ച് അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷരീഖ് മരിച്ചിരുന്നു.
ഏഴിന് വൈകീട്ട് തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം വിദ്യാർഥികൾക്കിടയിലേക്ക് മിനി വാൻ പാഞ്ഞുകയറി അഞ്ച് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. തളിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ റെമീസ, ശ്രദ്ധ, ശ്രീഹരി, അഞ്ജന, നിവേദ് കുമാർ എന്നിവർക്കായിരുന്നു പരിക്കേറ്റത്.
രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് തിങ്കളാഴ്ച രാവിലെ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് കാറ് പാഞ്ഞുകയറി ഒരാൾ മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തിരുമംഗലം സ്വദേശി വാലിപറമ്പിൽ അംബിയാണ് (59) മരിച്ചത്. അപകടത്തിൽ ആരി വീട്ടിൽ സുരേഷ് ബാബു (54), പുറത്തൂര് കിട്ടൻ ജോസഫ് (45) എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ച തന്നെ ചേറ്റുവ ഗവ. മാപ്പിള സ്കൂളിന് സമീപം നിയന്ത്രണംവിട്ട ചരക്കുലോറി കാറിന്റെ മുകളിലേക്ക് മറിഞ്ഞ് ലോറി യാത്രക്കാരൻ കോഴിക്കോട് സ്വദേശി ബഷീറിന് പരിക്കേറ്റിരുന്നു. ഹൈവേ വികസനം നടന്നുകൊണ്ടിരിക്കേ ഈ റൂട്ടിൽ തിരക്കും വാഹനങ്ങളുടെ മരണപ്പാച്ചിലുമാണ്. ഇതാണ് അപകടം വർധിക്കാൻ കാരണം. പൊലീസ് കാമറ ഉണ്ടായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് വാഹനങ്ങൾ പായുന്നത്.