ചെറുതുരുത്തി: ചെങ്ങാലിക്കോടൻ പഴത്തിന് പേരുകേട്ട മുള്ളൂർക്കരയിൽ വാഴകളിൽ അജ്ഞാത രോഗം ബാധിച്ചതിനാൽ കർഷകർ ദുരിതത്തിൽ. സ്വർണവർണ കുലകളാൽ സുപ്രസിദ്ധമായ ചെങ്ങാലിക്കോടന്റെ സർവനാശത്തിന് വഴിവെക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. മുള്ളൂർക്കര മണ്ണുവട്ടം കണ്ണംപാറയിൽ ഏക്കർ കണക്കിന് സ്ഥലത്താണ് വാഴകൃഷിയിൽ അഞ്ജാത രോഗം പടരുന്നത്. മഞ്ഞപ്പ് പടരുകയും കൂട്ടത്തോടെ ഒടിഞ്ഞ് വീഴുകയുമാണ്. കൃഷി വകുപ്പിന്റെ ഉപദേശ പ്രകാരം നടന്ന പ്രതിരോധ നടപടികളൊന്നും കർഷകരുടെ കണ്ണീരൊപ്പുന്നതിന് ഗുണപ്രദമാകുന്നില്ല.
കർഷകർ പരമ്പരാഗതമായി തയാറാക്കിയ ഏറ്റവും മികച്ച വിത്തുപയോഗിച്ചാണ് കൃഷിയിറക്കിയത്. കുലച്ച് പാകമായ വാഴകളാണ് ഒടിഞ്ഞ് വീഴുന്നത്. കണ്ണംപാറ മണ്ണുവെട്ടം വീട്ടിൽ മൊയ്തീൻകുട്ടി (56), എസ്.എൻ നഗർ സ്വദേശി രാമകൃഷ്ണൻ എന്നിവരുടെ നിരവധി വാഴകളാണ് നശിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് വാഴകൾ നട്ടത്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുപ്പ് കാലം. ഇതിനിടയിലാണ് തിരിച്ചടി.
മുൻ വർഷത്തെ അപേക്ഷിച്ച് വിലയിലെ തകർച്ചയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഏറ്റവും മികച്ച ചെങ്ങാലിക്കോടൻ വാഴക്കുലക്ക് പോലും കിലോക്ക് 40 രൂപ മാത്രമാണ് ഇപ്പോൾ വില. കഴിഞ്ഞ വർഷം 20-21 കിലോ തൂക്കമുള്ള കുലക്ക് 1100 രൂപ വരെ തോട്ടത്തിൽ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ 350- 400 രൂപ വരെയേ ലഭിക്കുന്നുള്ളൂവെന്ന് വർഷങ്ങളായി വാഴകൃഷി ചെയ്യുന്ന മൊയ്തീൻകുട്ടി പറയുന്നു. കൃഷി ഓഫിസർമാരെ വിവരമറിയിച്ചെങ്കിലും മറുപടി പോലും നൽകാതെ അവർ കൈമലർത്തുകയാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.