കൊടുങ്ങല്ലുർ: നേപ്പാൾ സ്വദേശിയെയും മധ്യവയസ്കനെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തിരുവെള്ളൂരിൽ താമസിക്കുന്ന എറിയാട് കെ.വി.എച്ച്.എസിന് തെക്ക് പഴുതുരുത്ത് ഫഹദ് എന്ന ചിപ്പൻ (28), കെ.വി.എച്ച്.എസിന് സമീപം പാമ്പിനെഴുത്ത് റിയാസ് (34), എറിയാട് വാലത്തറ അപ്പു എന്ന അഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെ ചന്തപ്പുരയിലാണ് സംഭവം. ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപം കരൂപ്പടന്ന കാര്യമാത്ര കടലായി പുഴങ്കരയില്ലത്ത് അബ്ദുൽ ജലീൽ (55) എന്നയാളെയാണ് ആക്രമിച്ചത്. ചന്തപ്പുര ബാറിൽവെച്ച് നേപ്പാൾ സ്വദേശി ആശിഷ് ഗഹത്ത് രാജ് (30) ആക്രമണത്തിനിരയായി.
നേപ്പാൾ സ്വദേശിയെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫഹദ് മാത്രമാണ് പ്രതി. അബ്ദുൽ ജലീനെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരും പ്രതികളാണ്. മൂവരും മറ്റു വിവിധ കേസിലും പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ എൻ.പി. ബിജു, ടി.എസ്. ആനന്ദ്, രവികുമാർ, എ.എസ്.ഐ സിയാദ്, സി.പി.ഒ ഫൈസൽ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.