ചാവക്കാട്: സി.പി.എം പ്രവർത്തകനായ കുന്നംകുളം വെസ്റ്റ് മങ്ങാട് നമ്പ്രത്ത് പ്രഭാകരന്റെ മകൻ നിഷിദ് കുമാറിനെ (45) വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. വെസ്റ്റ് മങ്ങാട് സ്വദേശികളായ കോതോട്ട് വീട്ടിൽ നവീൻ പുഷ്കരൻ (28), ഏറത്ത് വീട്ടിൽ ഗൗതം സുധീർ (ഡാഡു – 29), നമ്പ്രത്ത് വീട്ടിൽ സനിൽ ഗോപി (30), പാറയിൽ വീട്ടിൽ സജിത്ത് സിദ്ധാർത്ഥൻ (30) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്.
മങ്ങാട് ദേവീക്ഷേത്രത്തിന് സമീപം 2016 ഏപ്രിൽ 24നു രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മങ്ങാട് ദേവി ക്ഷേത്രത്തിന് സമീപം വെട്ടിക്കടവ് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്നു. ബൂത്ത് പ്രസിഡന്റായിരുന്ന നിഷീദ് കുമാർ വീട്ടിലേക്ക് പോകാൻ ബൈക്കിന് അടുത്തേക്ക് നടക്കുമ്പോൾ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ വാളും ഇരുമ്പ് പൈപ്പുകളുമായി ബൈക്കുകളിലെത്തി ആക്രമിക്കുകയായിരുന്നു.
ബൂത്ത് കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും പ്രതികൾ ആയുധങ്ങൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു. രാഷ്ട്രീയ വിരോധമാണ് നിഷിദ് കുമാറിനെ വധിക്കാൻ ശ്രമിച്ചതിന്റെ കാരണം. പ്രോസിക്യൂഷന് വേണ്ടി ജില്ല അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി.