ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30), വെള്ളാങ്ങല്ലൂർ കാവുങ്ങൽ വീട്ടിൽ രമേഷ് (38) എന്നിവരെ സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോണത്തുകുന്ന് പൈങ്ങോട് സ്വദേശി ജോബിയെ (33) താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വഫ എന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നുവന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. അനൂപാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ തകർന്ന അവസ്ഥയിലാണ്. പരിക്കേറ്റവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഇരിങ്ങാലക്കുട പൊലീസിന്റെ നേതൃത്വത്തിലാണ് നിയന്ത്രിച്ചത്.