വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു.
മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു.
ഏർക്കാട് സ്വദേശികളായ മോഷ്ടാക്കളെ ചന്ദനക്കൊള്ളക്കായി ഉപയോഗിക്കുന്നത് മണ്ണാർക്കാട്ടുള്ള ചന്ദനമാഫിയയാണെന്ന് വനപാലകർക്ക് സൂചന ലഭിച്ചിട്ടുണ്ട്. തിരി ഉളി ഉപയോഗിച്ച് പരിശോധന നടത്തിയാണ് കാതലുള്ള ചന്ദനമരമാണ് ഇവർ മുറിക്കുന്നത്. തുടർന്ന് കാതൽ മാത്രം ചാക്കിലാക്കിക്കടത്തി മണ്ണാർക്കാട്ടുള്ള മാഫിയയ്ക്ക് കൈമാറുകയാണെന്ന് പറയുന്നു.