

അറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: വിവാഹ ചടങ്ങിനിടയിലെ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് (28 ), സഹോദരൻ ഫ്രോബൽ (29), എറിയാട് നീതിവിലാസം വാഴക്കാലയിൽ വീട്ടിൽ അഷ്കർ (35), എറിയാട് സ കാരേക്കാട് വീട്ടിൽ ജിതിൻ (30), പള്ളിപറമ്പിൽ വീട്ടിൽ ഷാഫി (29) എന്നിവരാണ് അറസ്റ്റിലയത്.
എറിയാട് ചൈതന്യ നഗറിലെ ഹാളിൽ ഞായറാഴ്ച രാത്രി വിവാഹ സൽക്കാരം നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഹാളിലെ കസേരകൾ പ്രതികൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്പ് പൈപ്പ് തുടങ്ങിയവ കൊണ്ട് നടത്തിയ ആക്രമണത്തിൽ എറിയാട് ചൈതന്യ നഗർ അണ്ടുരുത്തി വീട്ടിൽ റിജിൽ, തളിക്കൽ വീട്ടിൽ ദീപു, പെട്ടിക്കാട്ടിൽ വീട്ടിൽ വിഷ്ണു, രാമൻതറ വീട്ടിൽ വിശാഖൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്.
സഹോദരങ്ങളായ ഷാലറ്റ്, ഫ്രോബൽ എന്നിവരെ അറസ്റ്റ് ചെയ്യാനായി എറിയാടുള്ള വീട്ടിലെത്തിയ സബ് ഇൻസ്പെക്ടറുടെയും സംഘത്തിന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വേറെയും കേസുകളുണ്ട്. ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ. സാലിം, പ്രബേഷനറി എസ് .ഐ വൈഷ്ണവ്, എ.എസ്.ഐ സ്വപ്ന, എസ്.സി.പി.ഒ തോമാച്ചൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.