

1. തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങളുടെ കുടമാറ്റം 2. തൃശൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുടമാറ്റം (ചിത്രം: ടി.എച്ച്. ജദീർ)
തൃശൂർ: രസച്ചരട് മുറിഞ്ഞ കഴിഞ്ഞ വർഷത്തെ പൂരം ഇനി മറക്കാം. പകരം, ആസ്വാദക മനസ്സിൽ പ്രതിഷ്ഠിക്കാൻ ഇതാ കെട്ടും മട്ടും തികഞ്ഞ ഒരു തൃശൂർ പൂരം കൂടി. വടക്കുംനാഥന് ചുറ്റും ഒത്തുകൂടിയവരുടെ മനം നിറച്ചാണ് ഇത്തവണ പൂരം കലാശത്തിലേക്ക് നീങ്ങുന്നത്.
രൗദ്രഭാവമില്ലാതെ മേടവെയിൽ പൂരപ്രേമികളെ അനുഗ്രഹിച്ചു. വെയിലും ചൂടും കാഠിന്യം കുറച്ചുപിടിച്ചു. പൂരനഗരിയിലാവട്ടെ ആസ്വാദകരെ അലട്ടുന്ന നിയന്ത്രണങ്ങളൊന്നും ഉണ്ടായതുമില്ല. പൂരം മാത്രമുള്ള നഗരിയിൽ എല്ലാവരും എല്ലായിടത്തുമെത്തി കാഴ്ചകൾ കണ്ട് സന്തോഷിച്ചു.
രണ്ട് പ്രധാന പങ്കാളികളടക്കം പത്ത് പൂരങ്ങൾ പല വീഥികളിലൂടെ നഗരഹൃദയത്തിലെത്തിയപ്പോൾ ഓരോന്നിനുമൊപ്പം വന്ന പുരുഷാരം നഗരത്തെ ആൾക്കടലാക്കി. അതിനിടയിലൂടെ ആനയും മേളവും തീവെട്ടിയും തേക്കിൻകാട് മൈതാനിയുടെ പ്രദക്ഷിണ വഴിയിലൂടെ വടക്കുംനാഥനിൽ കയറുന്നതും ഇറങ്ങുന്നതും കാണാൻ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഗോപുര വാതിലുകൾക്കു പുറത്ത് പൂരക്കമ്പക്കാർ ക്ഷീണമറിയാതെ കാത്തുനിന്നു.
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ പൂരം പുറപ്പാടും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാൻ മേളക്കമ്പക്കാർ ഓരോയിടത്തും പാഞ്ഞെത്തി. തെക്കേ ഗോപുരം വഴി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ പുറത്തിറങ്ങി മുഖാമുഖംനിന്ന് കുട മാറി മത്സരിക്കുന്നത് കാണാൻ പൂഴിവീഴാത്തത്ര ജനം. വിസ്മയങ്ങളുടെ കുടകൾ നിവർന്നുയരുന്നതും മാറിവരുന്നതും കണ്ട് ആനന്ദവും ആർപ്പുവിളിയും.
കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ പിൻവാങ്ങിയതോടെ രാത്രിപൂരങ്ങളുടെ വരവ് തുടങ്ങി. തീവെട്ടിച്ചന്തത്തിൽ ആനകളുടെ വരവും മേളത്തിന്റെ അകമ്പടിയും ആസ്വദിച്ച് നഗരം വിടാതെ പിന്നെയും പതിനായിരങ്ങൾ. പുലർച്ചെ വെടിക്കെട്ടും പിന്നത്തെ പകൽപ്പൂരവും ഉപചാരംചൊല്ലലും ആസ്വദിക്കാൻ അവർ പൂരനഗരിയിൽ തങ്ങിയത് ഒരുതവണ കൂടി പൂരസ്മൃതി നെഞ്ചേറ്റാനാണ്.
താളനിബദ്ധം, വർണശബളം; പാറമേക്കാവ് പൂരം പുറപ്പാട്
തൃശൂർ: വർണങ്ങളിലാറാടി മേളത്തിന്റെ ഗാംഭീര്യം നിറഞ്ഞ് പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാട്. പതിനഞ്ചാനകളുടെ അകമ്പടിയോടെ ഗുരുവായൂർ നന്ദന്റെ പുറത്തേറി ഭഗവതി പുറത്തേക്ക് എഴുന്നള്ളിയപ്പോൾ ചെമ്പട മേളം കൊട്ടിയുയർന്നു. വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനുള്ള പുറപ്പാട് കാണാൻ നട്ടുച്ചവെയിൽ കൂസാതെ പതിനായിരങ്ങൾ പാറമേക്കാവിന് മുന്നിൽ ഏറെ നേരത്തെ നിലയുറപ്പിച്ചിരുന്നു.
ചെമ്പട കലാശിച്ച് പാണ്ടിയുടെ കോൽ കൊലുമ്പിയപ്പോൾ നേരം ഉച്ചിയിലെത്തി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണിത്വത്തിൽ മേളം കാലം കലാശിച്ചതോടെ നിരവധി സെറ്റ് കുടകൾ മാറി ഉയർന്നു. വടക്കുംനാഥന്റെ കിഴക്കേ ഗോപുരം കടന്ന് ഭഗവതി മതിലകത്ത് കയറി പ്രദക്ഷിണം വെച്ച് ഇലഞ്ഞിച്ചോട്ടിൽ എത്തിയതോടെ തൃശൂർ പൂരത്തിന്റെ ‘മാസ്റ്റർ പീസ്’ എന്ന വിശേഷണമുള്ള അതുല്യ സിംഫണിയായ ഇലഞ്ഞിത്തറ മേളത്തിന് തുടക്കമായി.