
ഇരിങ്ങാലക്കുട: ഒമ്പതു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയയാൾക്ക് 26 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്.
2013 ജൂണിനും 2014 ജനുവരിക്കുമിടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പുതുക്കാട് പൊലീസ് ചാർജ് ചെയ്ത് കേസിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ വീട്ടിൽ ഹരിദാസിനാണ് (61) കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെയും 25 രേഖകളും 10 തൊണ്ടിവസ്തുക്കളും തെളിവുകളായി ഹാജരാക്കിയിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു വർഷം കഠിന തടവിനും ആറ് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ആറ് മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശൂർ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ അത് പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിലുണ്ട്.

