
പാവറട്ടി: ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ 40 വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സമീപത്തെ വീട്ടിലെ പനയുടെ മുകളിലെ കടന്നൽ കൂട് ഇളകിയാണ് ആക്രമിച്ചത്. വിദ്യാർഥികളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സംഭവത്തെ തുടർന്ന് ഭൂരിഭാഗം വിദ്യാർഥികളും ഭയചകിതരായതിനാൽ ക്ലാസുകൾ നിർത്തി. സംഭവത്തിന് ശേഷം പി.ടി.എ യോഗം ചേർന്നു. കുട്ടികൾക്ക് ബോധവത്കരണം നൽകാനും കൗൺസലിങ് നടത്താനും യോഗം തീരുമാനിച്ചു. കൂട് നശിപ്പിക്കാൻ നടപടിയെടുത്തതായി പ്രധാനാധ്യാപിക പറഞ്ഞു.