
കൊടകര: നിത്യഹരിത വനത്തില്‍ മാത്രം കാണപ്പെടാറുള്ള കാക്കമരംകൊത്തി ഇനത്തിലെ പക്ഷിയെ മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കനയില്‍ കണ്ടെത്തി. പക്ഷിനിരീക്ഷകനും കവിയുമായ പ്രകാശന് ഇഞ്ചക്കുണ്ടാണ് ചൊക്കനയിലെ റബര്‍ പ്ലാന്റേഷനില്‍നിന്ന് വൈറ്റ് ബല്ലീഡ് വുഡ്പെക്കര്‍ എന്ന കാക്കമരംകൊത്തിയുടെ ചിത്രം പകര്‍ത്തിയത്.
പ്രകാശന്റെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം ഗവ.യു.പി സ്കൂളിലെ നേചര്‍ ക്ലബ് അംഗങ്ങള്‍ നടത്തിവരുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ പക്ഷികളെ കുറിച്ചുള്ള പഠന സര്‍വേക്കിടയിലാണ് കാക്കമരംകൊത്തിയെ റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്. മരംകൊത്തി ഇനത്തിലുള്ള പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പക്ഷിയായ കാക്കമരംകൊത്തി സാധാരണയായി ഉള്‍വനങ്ങളില്‍ മാത്രമാണ് കണ്ടുവരുന്നത്. മനുഷ്യസാന്നിധ്യമുള്ള വനാതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇവ എത്താറില്ല. ഉള്‍വനത്തിലെ പക്ഷികള്‍ നാട്ടിന്‍പുറങ്ങളിലേക്ക് എത്തിതുടങ്ങിയതിന്റെ സൂചനയാണ് ചൊക്കന പ്ലാന്റേഷനില്‍ കാക്കമരംകൊത്തിയെ കാണാനിടയായതെന്ന് പക്ഷിനിരീക്ഷകനായ പ്രകാശന് ഇഞ്ചക്കുണ്ട് പറഞ്ഞു.