തൃശൂർ: സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങളിൽ എം.പി ഫണ്ട് വിനിയോഗത്തിൽ തൃശൂരിന് നാലാം സ്ഥാനമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. 236 പദ്ധതികൾക്കായി 19.11 കോടി രൂപയുടെ ഭരണാനുമതി നൽകി. കോവിഡ് കാലയളവിൽ കേന്ദ്രം തരാതിരുന്ന എട്ട് കോടി രൂപ കഴിച്ച് ഇതുവരെ 17 കോടിയാണ് ലഭിച്ചത്. സി.എൻ. ജയദേവൻ എം.പിയായിരുന്നപ്പോൾ പദ്ധതി സമർപ്പിക്കാത്തതിനാൽ ചെലവഴിക്കാതിരുന്ന 2.5 കോടി അടക്കം 17.5 കോടിയാണ് തനിക്ക് ലഭിച്ചതെന്നും ഏഴ് കോടിയുടെ പദ്ധതി നിർമാണം പൂർത്തിയായെന്നും എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12.13 കോടിയുടെ പ്രവൃത്തികൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ 42.03 കോടി രൂപ ചെലവിൽ 12 റോഡുകൾ നിർമിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ 411 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഈവർഷം നിർമാണം തുടങ്ങും. ഗുരുവായൂർ സ്റ്റേഷൻ പിൽഗ്രിം സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് കോടിയുടെ പദ്ധതികൾ ഉദ്ഘാടന ഘട്ടത്തിലാണ്. അമൃത് പദ്ധതിയിൽ 5.11 കോടി അടങ്കലുള്ള പദ്ധതികൾക്കുള്ള ടെൻഡർ പൂർത്തിയാക്കി. തിരുവെങ്കിടം അടിപ്പാതക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ-തിരുനാവായ പാതയുടെ സ്ഥലമെടുപ്പിന് തൃശൂരിൽ തടസ്സമില്ലെങ്കിലും അതിനപ്പുറത്ത് കടുത്ത എതിർപ്പാണെന്നും അത് മറികടക്കാൻ ഡിജിറ്റൽ, സാറ്റലൈറ്റ് സർവേകൾ നടത്തുകയാണെന്നും എം.പി പറഞ്ഞു.