ചാലക്കുടി: കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധം പ്രദേശത്ത് ശക്തമായി. സമരസമിതിക്കാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എൽ.ജെ.ഡി പ്രവർത്തകർ മണ്ണെടുപ്പ് കേന്ദ്രത്തിൽ പ്രതിഷേധസൂചകമായി കൊടിനാട്ടിയിരുന്നു. തുടർന്ന് അതിരാവിലെത്തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിതോരണം കൊണ്ട് പ്രവേശന കവാടം അടച്ചുപൂട്ടി.
എന്നാൽ, രാവിലെ 11ഓടെ നിർത്തിയ ഖനന നടപടി വീണ്ടും ആരംഭിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. പഞ്ചായത്ത് അംഗം കെ.എസ്. രാധാകൃഷ്ണനും പരിസരവാസികളും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. തുടർന്ന് ചാലക്കുടി പൊലീസെത്തി. ചൊവ്വാഴ്ചവരെ മണ്ണ് കൊണ്ടുപോകരുതെന്ന് ബന്ധപ്പെട്ടവരോട് പൊലീസ് നിർദേശിച്ചു.
മണ്ണെടുപ്പ് നടത്തിയാൽ പരിയാരം പഞ്ചായത്തും ശക്തമായ നടപടി എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിനിടയിൽ കലക്ടറുടെ നിർദേശത്തെ തുടർന്ന് ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു പ്രദേശത്ത് എത്തിച്ചേർന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സമരസമിതിയുടെ നേതൃത്വത്തിൽ മോതിരക്കണ്ണി ജങ്ഷനിൽ മണ്ണെടുപ്പിനെതിരെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ചാലക്കുടി പുഴ സംരക്ഷണ സമിതി എസ്.പി. രവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ആനി ജോയ് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല പ്രസിഡന്റ് യൂജിൻ മോറേലി മുഖ്യ പ്രഭാഷണം നടത്തി. ജോർജ് വി. ഐനിക്കൽ, ഡെസ്റ്റിൻ താക്കോൽക്കാരൻ, പി.സി. ജോണി, കെ.എൽ. ജോസ്, ബീന ദേവസികുട്ടി, ലിസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.