തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: വിചിത്ര മറുപടിയുമായി ആർ.ടി.ഒ
തൃശൂർ: ടൗണിൽനിന്ന് കലക്ടറേറ്റ് നിൽക്കുന്ന അയ്യന്തോളിലേക്ക് ബസുകൾ അമിത യാത്രനിരക്ക് ഈടാക്കുന്നതിനെതിരായ പരാതിയിൽ വിചിത്ര മറുപടിയുമായി ആർ.ടി.ഒ. നിരക്ക് 62 ശതമാനം വർധിപ്പിച്ചതിനെതിരെ നൽകിയ പരാതിയിലാണ്, ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ അറിയിച്ചത് എന്ന് മാധ്യമം റിപ്പോർ്ട് ചെയ്യുന്നു..
നിരക്ക് കൂട്ടുന്നതിന് മുമ്പ് ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടുരൂപ ഉണ്ടായിരുന്നത് മേയ് ഒന്നിന് വർധിപ്പിച്ചപ്പോൾ 13 രൂപയായി. മിനിമം നിരക്കായ എട്ടുരൂപ 10 ആയി വർധിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഫെയർ സ്റ്റേജുകളിൽ പലയിടത്തും അപാകതയുണ്ടെങ്കിലും മാറ്റം വരുത്താൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ല.
എന്നാൽ, കലക്ടറേറ്റ് ഭാഗത്തേക്ക് ബസുടമകൾ ഏകപക്ഷീയമായി നിരക്ക് 62 ശതമാനം വർധിപ്പിക്കുകയായിരുന്നു. ഇതിനെതിരെ മേയിൽതന്നെ ആർ.ടി.എ ചെയർമാൻ കൂടിയായ കലക്ടർ മുഖേന ആർ.ടി.ഒക്ക് ജില്ല ഉപഭോക്തൃ സമിതി പ്രസിഡന്‍റ് ജെയിംസ് മുട്ടിക്കൽ പരാതി നൽകിയിരുന്നു.