ഗുരുവായൂര്‍: ഉന്നത തല യോഗങ്ങള്‍ മുറക്ക് നടക്കുമ്പോഴും നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു. അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകളില്‍ നിന്നാണ് ശുചിമുറി മാലിന്യം കലർന്ന വെള്ളം പലയിടത്തും തളം കെട്ടിക്കിടക്കുന്നത്.
നഗരത്തില്‍ മലിനജലം നിറയുന്നതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി അസി. എക്‌സിക്യുട്ടീവ് ഓഫിസറോട് പ്രതിഷേധമറിയിച്ചു. കോടികള്‍ മുടക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ നിജസ്ഥിതി ജനത്തെ അറിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, മാഗി ആല്‍ബര്‍ട്ട്, കെ.എം. മെഹറൂഫ്, ജീഷ്മ സുജിത്ത്, ഷില്‍വ ജോഷി, അജിത അജിത്ത്, ഷെഫീന ഷാനിര്‍ എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. മാന്‍ഹോളുകളില്‍ നിന്ന് മലിനജലം പൊട്ടിയൊഴുകലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകലും ഗുരുവായൂരില്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡുകളില്‍ പോലും പൈപ്പ് പൊട്ടി വെള്ളമൊഴുകുകയാണ്. അഴുക്കുചാല്‍ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ ഒരാഴ്ചമുമ്പ് ഉന്നതതല യോഗം ചേർന്നിരുന്നു.