ഇരിങ്ങാലക്കുട: ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ബൈക്കിൽ യാത്ര ചെയ്തിരുന്ന സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസില്‍ യുവാവിന് ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. പൊറത്തിശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബിയെയാണ് (25) ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.
2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ഭാര്യക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പൊറത്തിശേരി കുന്നത്തുവീട്ടില്‍ വാസുദേവനെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് കോടതി വിധി
പറഞ്ഞത്. ഗവ. മെഡിക്കല്‍ കോളജില്‍ നിന്നും ജോലി കഴിഞ്ഞ് ഭാര്യയെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനിടയിലാണ് ആക്രമണം. ഇരിങ്ങാലക്കുട പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സി.ബി. ബിബിനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, യാക്കുബ് സുല്‍ഫിക്കര്‍ എന്നിവർ ഹാജരായി.