
കൊച്ചി: ഒരു കോമേഴ്സ്യൽ ഉത്പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച് ഇന്ത്യയിലെ മുൻനിര പൈപ്പ് നിർമ്മാതാക്കളായ തോംസൺ പൈപ്പ്സ്. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് തോംസൺ കമ്പനി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ സംഗീതം പൊഴിക്കുന്നത്.
രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ് സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്. ഇന്ത്യയിലുടനീളം തടസ്സമില്ലാതെ ഒഴുകുന്ന ശുദ്ധജലപ്രവാഹത്തെ ജനമനസ്സുകളിൽ അടയാളപ്പെടുത്തുന്ന “ഇന്ത്യ ഫ്ലോസ് ഫ്രീ” (India Flows Free) എന്ന ശ്രദ്ധേയമായ സംരംഭത്തിലൂടെയാണ് തോംസൺ പൈപ്പ് ഗ്രൂപ്പ് രാജ്യത്തിന് ആദരമർപ്പിച്ചത്.
ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ യുവ പുല്ലാങ്കുഴൽ വിദഗ്ധ വിധു കൃഷ്ണയാണ് പി.വി.സി പൈപ്പ് കൊണ്ട് നിർമ്മിച്ച പുല്ലാങ്കുഴലിലൂടെ അതിമനോഹരമായി ‘വന്ദേഭാരതം’ ആലപിച്ചത്. വർഷങ്ങളുടെ പാരമ്പര്യമുള്ള പുല്ലാങ്കുഴൽ നിർമ്മാതാക്കളായ ‘ആൽഫ ഫ്ലൂട്ട്സ്’ (Alpha Flutes) ആണ് തോംസൺ പി.വി.സി പൈപ്പുകളെ സംഗീതോപകരണങ്ങളാക്കി മാറ്റിയത്. പൈപ്പിന്റെ വ്യാസവും നീളവും പരിഗണിച്ച് സ്വരക്രമീകരണങ്ങൾക്കായി അനുയോജ്യമായ സുഷിരങ്ങൾ സൃഷ്ടിച്ചാണ് ഇവർ പുല്ലാങ്കുഴൽ നിർമ്മിച്ചത്. ഒരു കോമേഴ്സ്യൽ ഉത്പന്നത്തെ സംഗീതം പൊഴിക്കുന്ന ഉപകരണമാക്കി മാറ്റാൻ കഴിയുമെന്നാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്.
ആധുനിക യുഗത്തിൽ നമുക്ക് ചുറ്റിലുമുള്ള ‘അദൃശ്യ നദി’കളായ പി.വി.സി പൈപ്പുകൾക്ക് സംഗീതത്തിന്റെ ശബ്ദം ലഭിക്കുന്നതോടെ അത് സ്വാതന്ത്ര്യഗീതത്തെ ഹൃദയത്തിലേറ്റുകയാണ്.
മുമ്പ് ചരക്കുകൈമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച, കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായ ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ കൊളോണിയൽ കടൽപ്പാലത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
‘ജിമ്മി ആൻഡ് ജക്കാന’ (Jimmy & Jacana) എന്ന ബൂട്ടിക് ബ്രാൻഡ് മേക്കറിയാണ് ഈ ആശയം രൂപകൽപ്പന ചെയ്ത് സാക്ഷാത്കരിച്ചത്. ഇതിന്റെ പ്രചാരണം നിർവ്വഹിച്ചിരിക്കുന്നത്ത് ‘ട്രോമ്പറ്റ് മീഡിയ’ (Trompet Media) ആണ്. അടിസ്ഥാന സൗകര്യം, കരകൗശലം, സംഗീതം, സർഗ്ഗാത്മക ഭാവന എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ കലാസൃഷ്ടിയാണ് ഈ സംരംഭത്തിലൂടെ തോംസൺ പൈപ്പ് ഗ്രൂപ്പ് രാജ്യത്തിന് സമർപ്പിക്കുന്നത്.




