ചാലക്കുടി: പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി. അപകട കേന്ദ്രമായ സി.എസ്.ആർ വളവിനു സമീപം റോഡിൽ നിർമിച്ച കാനയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സി.എസ്.ആർ വളവിന് സമീപം 300 മീറ്ററിലധികമാണ് പൊതുമരാമത്ത് വകുപ്പ് കാന നിർമിച്ചത്. വെള്ളം ഒഴുകാൻ സൗകര്യമാകുന്നതിന് പകരം കാനയുടെ ഒരു വശം കോൺക്രീറ്റ് ചെയ്ത് അടച്ചുവെന്ന് പറയുന്നു. ഇതുമൂലം ഇവിടെ വെള്ളക്കെട്ട് കൂടും. നിരവധി വാഹനങ്ങൾ പോകുന്ന അന്തർസംസ്ഥാന പാതയായ അതിരപ്പിള്ളി റോഡിൽ ഇത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കും. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നത് ഒഴിവാക്കേണ്ടതിന് പകരം വെള്ളം കെട്ടി നിന്ന് അപകടം വർധിക്കാനാണ് ഇടവരുത്തുക.
ഒരു വീടിന്റെ മുൻവശത്തെ സ്ലാബുകൾ മാറ്റി മണ്ണ് നീക്കം ചെയ്യേണ്ടതിന് പകരം കാന നിർമാണം അവിടെ വച്ച് നിർത്തുകയാണ് ചെയ്തത്. മാത്രമല്ല അവിടം കോൺക്രീറ്റിട്ട് വശങ്ങൾ ഭദ്രമാക്കുകയും ചെയ്തു. നിർമാണത്തിലെ അശാസ്ത്രീയത കരാറുകാരന് സംഭവിച്ച അബദ്ധമാണെന്ന് പി.ഡബ്ല്യൂ.ഡി വ്യക്തമാക്കി. എന്നാൽ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും റോഡിലെ അപകടകരമായ മൺകൂനകൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.