

കേരളത്തിലെ മുന്നമാർ
2002ൽ ഗുജറാത്തിൽ അരങ്ങേറിയ മുസ്ലിം വംശഹത്യയുടെ യാഥാർഥ്യം ചിത്രീകരിച്ചതിലൂടെ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഇരയായ സിനിമയാണ് പൃഥ്വിരാജിന്റെ ‘എമ്പുരാൻ’. ഗുജറാത്തിലെ വംശീയ ഉന്മൂലനം ‘വിജയകരമായി’ പൂർത്തിയാക്കിയ ഹിന്ദുത്വ ഗുണ്ടാത്തലവന്മാരായ ബൽരാജ് പട്ടേലിനെയും ഇളയ സഹോദരൻ മുന്നയെയും ദൈവത്തിന്റെ സ്വന്തം നാടായ കേരളം പിടിച്ചെടുക്കാൻ നിയോഗിക്കുന്നതും അതിനായി അവർ മെനയുന്ന കുതന്ത്രങ്ങളും ഗൂഢാലോചനയും അതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിലുണ്ടാകുന്ന ഗതിമാറ്റങ്ങളും ആണ് ‘എമ്പുരാൻ’ ചർച്ച ചെയ്യുന്നത്.
രാഷ്ട്രീയ നേട്ടത്തിന് കിണഞ്ഞു ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ അയൽ സംസ്ഥാനങ്ങളായ കേരളത്തിനും തമിഴ്നാടിനുമിടയിൽ അഭിപ്രായ വ്യത്യാസമുള്ള ഡാം ബോംബ് വെച്ച് തകർക്കാൻ വരെ ഹിന്ദുത്വ തീവ്രവാദികൾ ഗൂഢ പദ്ധതിയിടുന്നതായി സിനിമ പറയുന്നു.
കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഈ ചിത്രീകരണം തന്നെയാകും ഗുജറാത്ത് വംശഹത്യ പച്ചക്ക് പ്രദർശിപ്പിച്ചതിനേക്കാൾ സംഘ്പരിവാർ കൂടാരങ്ങൾക്ക് ക്ഷീണം ഏൽപിച്ചിട്ടുണ്ടാവുക. അധികം വൈകാതെ കേരളത്തിൽ സംജാതമാകാൻ പോകുന്ന സംഘ്പരിവാർ രാഷ്ട്രീയ നെറികേടിനെ കുറിച്ച മുന്നറിയിപ്പാണ് സിനിമ മുന്നോട്ടുവെക്കുന്നത്. ‘കേരളത്തിലും ചില മുന്നമാർ ഉണ്ട്’ എന്ന് ജോൺ ബ്രിട്ടാസ് എം.പി പാർലമെന്റ് പ്രസംഗത്തിലും പരാമർശിച്ചതോടെ ഇത് പിന്നെയും ചർച്ചയായി.
എമ്പുരാൻ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയാണ് കാണിക്കുന്നതെങ്കിൽ വർത്തമാന കേരളത്തിൽ സംഘ്പരിവാർ നിഗൂഢ രാഷ്ട്രീയം എത്തരത്തിൽ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുന്നത് കൗതുകമാകും. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി പരമ്പരാഗത ഇടതു-വലതു മുന്നണികളെ കൈയൊഴിഞ്ഞ് 412338 വോട്ടുകൾ സമ്മാനിച്ച് ബി.ജെ.പിയെ വിജയിപ്പിച്ച തൃശൂരിൽനിന്നുതന്നെ ഒരു പരിശോധനക്ക് തുടക്കം കുറിക്കാം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ കൊടുമ്പിരി ക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ ഏറ്റവും കേൾവികേട്ട സാംസ്കാരികോത്സവമായ തൃശൂർ പൂരം അരങ്ങേറിയത്. ആ മഹോത്സവത്തിന്റെ മറപറ്റി കൃത്യമായ ഗൂഢാലോചനയിലൂടെ അത് തകർത്തപ്പോൾ ഹിന്ദുത്വ നേടിയത് 74686 വോട്ടിന്റെ ഭൂരിപക്ഷം. കേവലം ഒരു പൂരം അലങ്കോലമാക്കിയാൽ അത് ജനങ്ങളുടെ സമ്മതിദാന തീരുമാനത്തെ ബാധിക്കുമോ എന്ന ചോദ്യം തീർത്തും ഉത്തരം അർഹിക്കുന്നതാണ്.
തൃശൂർ ഇങ്ങെടുക്കും എന്ന് സുരേഷ് ഗോപിയെ കൊണ്ട് പറയിച്ച് വർഷങ്ങളായി ജനങ്ങൾക്കിടയിൽ വൈരംവിതച്ച് ബി.ജെ.പി നേടിയ വിജയമായിരുന്നു അത്. അതിനുള്ള അവസാന ആണിയടിയായിരുന്നു പൂരം കലക്കൽ. കേരളത്തിലെ ഇടതു വലതു മുന്നണികൾ അത് കാണാതെ പോയതെന്തേ എന്നതിലാണ് ആശങ്ക. ബി.ജെ.പിയല്ലേ എതിർസ്ഥാനത്തു നിൽക്കുന്നത്, അവർ ഇത്തരം കുതന്ത്രങ്ങൾ പയറ്റുമെന്ന് ഉത്തരേന്ത്യൻ പാഠങ്ങൾ നമ്മളെ പഠിപ്പിച്ചിട്ടുള്ളതല്ലേ എന്ന ചോദ്യത്തിന് മുൻ കൃഷി മന്ത്രിയും സി.പി.ഐ നേതാവും ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാറിന്റെ മറുപടി ഈ തിരിച്ചറിയലില്ലായ്മക്ക് ഉത്തരമാകും.
‘ഇത്രമാത്രം കുതന്ത്രം അവർ കേരളത്തിൽ പയറ്റും എന്ന് കരുതിയില്ല’ എന്നാണ് സുനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞത്. കേരളത്തിലെ ഇടതു വലതു മുന്നണികൾക്ക് തീരെ പരിചിതമല്ലാത്ത രാഷ്ട്രീയ നിഗൂഢതകൾ നിറഞ്ഞ കളികളാണ് സംഘ്പരിവാർ രാഷ്ട്രീയം ഇവിടെ പയറ്റാൻ പോകുന്നത്.
ക്രിസ്ത്യൻ ആരാധനാലയമായ കൊരട്ടി മുത്തിയുടെ അടുത്തുപോയി മുട്ടിൽ ഇഴയുമ്പോഴും തൃശൂർ ലൂർദ് പള്ളിയിലെ പരിശുദ്ധ മാതാവിന് സ്വർണം പൂശിയ ചെമ്പ് കിരീടം സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകിയപ്പോഴും ഇടതുവലതു മുന്നണികൾ സുരേഷ് ഗോപിയെയും ബി.ജെ.പിയെയും പരിഹസിച്ചു. കോടികൾ മുടക്കി ബി.ജെ.പി നിയോഗിച്ച തെരഞ്ഞെടുപ്പ് ഏജൻസിയുടെ തന്ത്രങ്ങളായിരുന്നു ആ പ്രകടനങ്ങൾ.
അതിലവർ വിജയിച്ചു എന്ന് ക്രിസ്ത്യൻ മേഖലകളിൽനിന്നും ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷം തെളിയിക്കുന്നു. ലൂർദ് മാതാവിന് ചെമ്പ് കിരീടമാണ് നൽകിയത് എന്ന് കോർപറേഷൻ കൗൺസിലറായ ഒരു വനിതാ ജനപ്രതിനിധിയാണ് വെളിപ്പെടുത്തിയത്. കൂടുതൽ വാർത്തകൾക്കുവേണ്ടി മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ ഇനി അത് സംബന്ധിച്ച് മിണ്ടിയേക്കരുത് എന്നാണത്രേ സഭാപിതാക്കന്മാർ അവരോട് കൽപിച്ചത്.
ഡി.ജി.പി ശൈഖ് ദർവേശ് സാഹിബ്, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിങ്ങനെ നാല് അന്വേഷണങ്ങൾ നടന്നിട്ടും എന്തുകൊണ്ടായിരിക്കും കഴിഞ്ഞ വർഷത്തെ പൂരം കലക്കി കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാത്തത് എന്ന ചോദ്യത്തിന് കേരളം ഉത്തരം തേടേണ്ടതുണ്ട്.
സംഭവിച്ചത് ഇത്രയുമാണ്
2024 ഏപ്രിൽ 19നായിരുന്നു ആ സംഭവം. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസിൽ ഏറെ ദുരൂഹമായി പ്രവർത്തിച്ച ബി.ജെ.പിയുടെ വിവാദ തെരഞ്ഞെടുപ്പ് ഏജൻസിയെ തൊടാതെയാണ് പ്രത്യേക അന്വേഷണ സംഘങ്ങൾ അന്വേഷണ നടപടിയുമായി മുന്നോട്ടുപോയത് എന്നത് ദുരൂഹമാണ്. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം പൂരം ദിവസം അർധരാത്രിയിൽ ബി.ജെ.പി ലോക്സഭ സ്ഥാനാർഥി സുരേഷ് ഗോപി വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പൂരവേദിയിലേക്ക് പ്രത്യേക ആംബുലൻസിൽ എത്തിയത് തെരഞ്ഞെടുപ്പ് ഏജൻസിയായ ‘വരാഹി അനലറ്റിക്സി’ന്റെ പ്രത്യേക ഓപറേഷന്റെ ഭാഗമായിരുന്നു എന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്.
ഇത് ശരിവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച ഒരു അന്വേഷണവും പൂരം കലക്കൽ അന്വേഷിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയിൽ ഇല്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡി.ജി.പി എം.ആർ. അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. എ.ഡി.ജി.പിയും സംഘ്പരിവാർ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച കൃത്യമായ തെളിവുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന് അജിത്കുമാർ സമർപ്പിച്ച 1200 പേജുള്ള റിപ്പോർട്ട് സർക്കാർ തള്ളിയത്.
തുടർന്ന് ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. പൂരം കലക്കലിൽ നേരിട്ട് പങ്കുണ്ട് എന്ന് ദേവസ്വംബോർഡ് അടക്കം പരാതി ഉന്നയിച്ച തിരുവമ്പാടി ദേവസ്വം ബോർഡ് ഭാരവാഹികൾ, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ എന്നിവരിൽനിന്നും മൊഴിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് പൂരം അലങ്കോലമാക്കിയതിൽ പങ്ക് എന്നായിരുന്നു ഇരു ദേവസ്വങ്ങളുടെയും നിലപാട്.
ഇതിന്റെ അടിസ്ഥാനത്തിൽ പൂരം നടന്ന ദിവസം സ്വരാജ് റൗണ്ടിൽ ജോലിയിൽ ഉണ്ടായിരുന്ന പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘം എന്നിവരിൽ നിന്നെല്ലാം അന്വേഷണ സംഘം മൊഴിയെടുത്തു. ആരോപണ നിഴലിലുള്ള ബി.ജെ.പി, സംഘ്പരിവാർ കേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്താതെ കരുതൽ ഒരുക്കിയാണ് പ്രത്യേക അന്വേഷണവും അരങ്ങേറിയത്. പൂരം വേദിയിൽ സുരേഷ് ഗോപി ആംബുലൻസിൽ അനധികൃതമായി എത്തിയതിനെതിരെ അഭിഭാഷകനായ അഡ്വ. കെ.ബി. സുമേഷ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതുപോലും പ്രത്യേക അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. ബി.ജെ.പിയുടെ രാജ്യത്തെയാകെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന സ്ട്രാറ്റജിക്കൽ ഏജൻസിയായ വരാഹിയുടെ കേരളത്തിന്റെ ചുമതലയുള്ള വ്യക്തിക്ക് ഒപ്പമായിരുന്നു സുരേഷ് ഗോപി പൂരം വേദിയിലേക്ക് അർധരാത്രിയിൽ ആംബുലൻസിൽ എത്തിയത്. ഇതിന് ശേഷമാണ് പൂരം നിർത്തിവെച്ച് പിൻമാറുന്നതായി മുഖ്യ സംഘാടകരിൽ ഒരു വിഭാഗമായ തിരുവമ്പാടി പ്രഖ്യാപിക്കുന്നത്. ഇത് യാദൃച്ഛികമാണെന്ന് കരുതാനാകുമോ?
കലക്കൽ ഇങ്ങനെയും
പൂരം എക്സിബിഷന് തേക്കിൻകാട് മൈതാനത്തിലെ തറവാടക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും സർക്കാറും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ പൂരത്തിന്റെ തുടക്കം മുതൽ തന്നെ നിലനിന്നിരുന്നു. 2.20 കോടി രൂപയായിരുന്നു സർക്കാർ പൂരം എക്സിബിഷന് തറവാടക ഇക്കുറി പുതുക്കി നിർണയിച്ചത്. കോടികളുടെ ബിസിനസ് മറിയുന്ന എക്സിബിഷനിലെ ഏകദേശ വരുമാനം കണക്കാക്കിയായിരുന്നു തറവാടക പുതുക്കിയത്. ഇതിനെതിരെ ഇരു ദേവസ്വങ്ങളും രംഗത്തുവന്നു. ബി.ജെ.പിയും വിഷയം രാഷ്ട്രീയമായി ഉയർത്തി.
തുടർന്ന് സർക്കാർ പൂർണമായും കീഴടങ്ങി തറവാടക പഴയതുപോലെ കേവലം 42 ലക്ഷത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. പൂരവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും സർക്കാർ സംവിധാനങ്ങളും ഇരു ദേവസ്വങ്ങളും തമ്മിലുള്ള ഉടക്ക് പ്രകടമായിരുന്നു. ആനകളുടെ പരിശോധനക്കുവരെ തടസ്സം സൃഷ്ടിച്ചു. 80ഓളം ആനകളെ പരിശോധനക്ക് നിരത്തി ചങ്ങലകൾ മാറ്റിയ ശേഷം പാപ്പാന്മാർ മാറിക്കളഞ്ഞത് വെറ്ററിനറി ഡോക്ടർമാർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ആശങ്കയുണ്ടാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി മുഴുസമയവും പൂരത്തെ ഉപയോഗപ്പെടുത്തി.
സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഹൈന്ദവ ആചാരങ്ങൾക്കെതിരാണെന്ന പ്രചാരണവും ബി.ജെ.പി കേന്ദ്രങ്ങളും സ്ഥാനാർഥിയും അഴിച്ചുവിട്ടു. അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കാൻ എൽ.ഡി.എഫോ യു.ഡി.എഫോ മെനക്കെട്ടതുമില്ല. പൂരത്തിലെ ഏറ്റവും ആകർഷകമായ കുടമാറ്റത്തിലടക്കം ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം നിറഞ്ഞുനിന്നു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ ഉണ്ടെങ്കിലും കുറച്ചുകാലമായി തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവർ ശക്തിപ്പെട്ടിട്ടുണ്ട്. ബി.ജെ.പി അത് നന്നായി ഉപയോഗിക്കുന്നതിൽ വിജയിച്ചു എന്നാണ് കൃത്രിമമായി സൃഷ്ടിച്ച അനിഷ്ട സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
അന്വേഷണങ്ങൾ ഇങ്ങനെ
പൂരം കലക്കലിന് നേതൃത്വം നൽകി എന്ന് പൊതു അരോപണം ഉയർന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ തന്നെയായിരുന്നു ആദ്യം സർക്കാർ അന്വേഷണത്തിന് ഏൽപിച്ചത്. അജിത് കുമാർ സമർപ്പിച്ച 1200 പേജുള്ള റിപ്പോർട്ട് അവാസ്തവ വിവരങ്ങൾ നിറഞ്ഞതാണെന്നുകണ്ട് ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞു. തുടർ അന്വേഷണത്തിന് ത്രിതല അന്വേഷണം പ്രഖ്യാപിച്ചു.
തൃശൂർ പൂരം കലക്കാൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ സംഘ്പരിവാർ-ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി ഗൂഢാലോചന നടത്തി എന്ന ആരോപണം ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് നേരിട്ട് അന്വേഷിച്ചു. പൂരവുമായി ബന്ധപ്പെട്ട വിശദ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത് ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്. പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ് പരിവാർ ഇടപെടൽ എന്നിവയൊക്കെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായത് സംബന്ധിച്ച് അന്വേഷിച്ചത് ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമായിരുന്നു. പൂരം നടക്കുമ്പോൾ തൃശൂർ സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിന്റെ പ്രവർത്തനങ്ങളാണ് പൂരം അലങ്കോലപ്പെടാൻ കാരണം എന്നായിരുന്നു മാധ്യമങ്ങളും രണ്ട് ദേവസ്വങ്ങളും ബി.ജെ.പിയും ആരോപണം ഉന്നയിച്ചിരുന്നത്. ഇതാണ് മനോജ് എബ്രഹാം അന്വേഷിച്ചത്.
വരാഹി ഒരു ചെറിയ മീനല്ല
ബി.ജെ.പിക്കായി അഖിലേന്ത്യാ തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആസൂത്രണം ചെയ്യുന്നത് വരാഹി അനലറ്റിക്സ്, നേഷൻ വിത്ത് നമോ, ജർവിസ് കൺസൾട്ടിങ് എന്നീ ഏജൻസികളാണ്. അതിൽ ഏറ്റവും നിഗൂഢമായതും നമ്മൾ പരിചരിച്ചിട്ടില്ലാത്തതുമായ രീതിയിലുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ ഏറ്റവും വിദഗ്ധരാണ് വരാഹി അനലറ്റിക്സ്. 2022ൽ രംഗേഷ് ശ്രീധർ എന്നയാളാണ് വരാഹി അനലറ്റിക്സിന് തുടക്കമിട്ടതെന്നും ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രചാരണ ചുമതല വരാഹിക്കാണെന്നും ‘ഇക്കണോമിക് ടൈംസ്’ പറയുന്നു.
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി തങ്ങൾക്ക് 1400 ഇടപാടുകാരുണ്ടെന്ന് വരാഹിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിനകം ഏഴ് കാമ്പയിനുകൾ വിജയകരമായി പൂർത്തിയാക്കിയതായി വരാഹി പറയുന്നു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് വരാഹി ആയിരുന്നു.
സുരേഷ് ഗോപിയുടെ പ്രചാരണങ്ങൾ മുഴുവൻ മെനഞ്ഞത് ഇവരായിരുന്നു. ദേശീയതലത്തിൽ ’പാൽത്തു പൽത്താൻ’ എന്ന ഇൻസ്റ്റഗ്രാമിൽ ഇടക്കിടെ പ്രത്യക്ഷപ്പെട്ട മുസ്ലിം വിദ്വേഷ വിഡിയോകൾ സൃഷ്ടിച്ചത് വരാഹി ആയിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ കർണാടക ഹാസനിൽ പ്രവർത്തിക്കുന്ന വരാഹിയുടെ ഓഫിസിൽ കർണാടക പൊലീസ് നടത്തിയ റെയ്ഡിൽ മൂന്ന് ജീവനക്കാർ അറസ്റ്റിലായിരുന്നു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്വേഷം പ്രചരിപ്പിച്ചതിനായിരുന്നു നടപടി. ഐ.പി.സി സെക്ഷൻ 66 (സി), 66(ഡി), 505 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ധർമേഷ് ജൈൻ, സിദ്ധാർഥ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്.
ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് കർണാടക പൊലീസ് പറയുന്നു. തമിഴ്നാട്ടിലും പൊലീസ് വരാഹിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്രയും അതിഗൗരവമുള്ള ഒരു ഏജൻസിയുടെ നിഗൂഢ പ്രവർത്തനം കൺമുന്നിൽ കണ്ടിട്ടും കേരള പൊലീസ് മൗനം പാലിക്കുന്നതെന്തെന്നത് ദുരൂഹതയുടെയും കൂട്ടുകച്ചവടത്തിന്റെയും സംശയങ്ങൾ ഉയർത്തുന്നുണ്ട്.
പിന്നിൽ വലിയ നാടകം
● ജോസഫ് ടാജറ്റ് (ഡി.സി.സി പ്രസിഡന്റ്, തൃശൂർ)
കോടികളാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഏജൻസികൾക്കുവേണ്ടി ഒഴുക്കുന്നത്. ഇവർ കോൺഗ്രസ് നേതാക്കളെയും കേരളത്തിൽ വിവര ശേഖരണങ്ങൾക്കായി സമീപിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞതുകൊണ്ട് മാറിനിൽക്കാനായി. പൂരം കലക്കൽ ആസൂത്രിതമായി നടന്നതാണ്. പൊലീസും ഭരണപക്ഷവും അത് പുറത്തുവരരുത് എന്ന് ആഗ്രഹിക്കുന്നു. 60000 വോട്ട് ചേർത്തു എന്ന് ബി.ജെ.പി അവകാശപ്പെടുന്നു.
സംസ്ഥാന സർക്കാറിന്റെ സഹായമില്ലാതെ എങ്ങനെ അത് സാധ്യമാകും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും വീഴ്ചപറ്റിയിട്ടുണ്ട്. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ടീം കോടികൾ മുടക്കിയുള്ളതാണ്. കോൺഗ്രസിന്റെ അക്കൗണ്ടുകൾ അടക്കം ഹാക്ക് ചെയ്യുന്നുണ്ട്. നാലുതവണ അന്വേഷിച്ചിട്ടും നടപടി കൈക്കൊള്ളാത്ത സർക്കാറിൽനിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നത് അപഹാസ്യമാണ്.
മനപ്പൂർവം കലാപശ്രമം നടന്നു
● വി.എസ്. സുനിൽ കുമാർ
തൃശൂർ പൂരത്തിനിടെ മനപ്പൂർവം കലാപം സൃഷ്ടിക്കാൻ ആർ.എസ്.എസ്-സംഘ്പരിവാർ ശ്രമിച്ചു. ഇതിന് തിരുവമ്പാടി ദേവസ്വം ഭാരവാഹികളിൽ ചിലരുടെ സഹായം ലഭിച്ചിരുന്നു. വരാഹി അനലറ്റിക്സ് ഏജൻസിയുടെ പ്രവർത്തനവും സംശയനിഴലിലാണ്. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ത്രിതല അന്വേഷണം വരുന്നു എന്നൊക്കെ പ്രഖ്യാപിച്ചതല്ലാതെ അത് എവിടെയെത്തി എന്നറിയില്ല. മൊഴിയും തെളിവുകളും നൽകാൻ തയാറാണെന്ന് പലകുറി പറഞ്ഞതിന് പിന്നാലെ പൊലീസ് മൊഴിയെടുത്തിരുന്നു. കുറ്റക്കാരെ വെളിയിൽ കൊണ്ടുവരണം.
അന്വേഷണസംഘം ഒന്നും ചോദിച്ചിട്ടില്ല
● അഡ്വ. കെ.ബി. സുമേഷ് (പരാതിക്കാരൻ)
സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് ആംബുലൻസ് ദുരുപയോഗപ്പെടുത്തിയതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. റവന്യൂമന്ത്രി കെ. രാജൻ, വി.എസ്. സുനിൽ കുമാർ എന്നിവർ കിലോമീറ്ററുകൾ നടന്നാണ് പൂരം സംഘർഷമുണ്ടായ വേദിയിൽ എത്തിയത്.
എന്നാൽ, സുരേഷ് ഗോപി നിമിഷങ്ങൾക്കകം ആംബുലൻസിൽ പാഞ്ഞെത്തി. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് നവംബറിൽ തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. എഫ്.ഐ.ആർ ഇട്ടു എന്നതല്ലാതെ അന്വേഷണം ഒന്നും നടന്നിട്ടില്ല. ഒരടിപോലും അന്വേഷണം മുന്നോട്ടുപോയിട്ടില്ല എന്നാണ് അറിവ്.