

ചാലക്കുടി അടിപ്പാതയിലെ ഗതാഗതക്കുരുക്ക്
ചാലക്കുടി: അടിപ്പാതയിൽ ബെൽമൗത്ത് ഒരുക്കാത്തതും ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതും മൂലം ഗതാഗത സ്തംഭനം പതിവാകുന്നു. ആഘോഷ കാലത്തിരക്ക് വർധിച്ചതോടെ വാഹനങ്ങൾ കുരുക്കിൽ മുറുകി യാത്രാദുരിതം വർധിക്കുകയാണ്. മുമ്പേ തന്നെ സ്കൂൾ, ഓഫിസ് സമയങ്ങളിൽ ഗതാഗത സ്തംഭനം പതിവായിരുന്നു.
ദേശീയ പാതയിലെ അടിപ്പാത തുറന്നുകൊടുത്തത് ചാലക്കുടിയിലെ ഗതാഗതപ്രശ്നങ്ങൾക്ക് ആശ്വാസമായി മാറുമെന്ന് കരുതപ്പെട്ടിരുന്നു. ചാലക്കുടി ടൗണിൽ അനുഭവപ്പെടാറുള്ള ഗതാഗത സ്തംഭനം ആദ്യഘട്ടത്തിൽ പരിഹരിക്കാൻ ഒരു വലിയ അളവിൽ സാധിച്ചിരുന്നു.
എന്നാൽ, അടിപ്പാത വഴി കൂടുതൽ വാഹനങ്ങൾ എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്. എല്ലാ ഭാഗത്തുനിന്നും വാഹനങ്ങൾ ഇതിലൂടെ കടന്നു പോവുകയാണ്. ഗതാഗത നിയന്ത്രണം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്.
ചാലക്കുടി ആനമല ജങ്ഷൻ, ട്രങ്ക് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകാതെ സൗത്ത് ജങ്ഷനിലും നഗരസഭ ഓഫിസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും അടിപ്പാത വഴി പോയാൽ എളുപ്പം എത്താമെന്നതാണ് സൗകര്യം. അതുപോലെ തന്നെ തിരിച്ചും. അതുകൊണ്ടാണ് അടിപ്പാതയിലൂടെ പോകുന്ന വാഹനങ്ങൾ വർധിച്ചത്.
എന്നാൽ, ലോറി, ബസ് എന്നിങ്ങനെ നീളം കൂടിയ വാഹനങ്ങൾ ഇരുവശത്തെയും സർവിസ് റോഡിലൂടെ കടന്നു വരുമ്പോൾ ബെൽ മൗത്ത് ഇല്ലാത്തതിനാൽ കുടുങ്ങുന്നു. അതുപോലെ ഓഫിസ് സമയത്ത് കൂടുതൽ വാഹനങ്ങളെത്തുമ്പോൾ അവയെ നിയന്ത്രിച്ച് തിരിച്ചുവിടാൻ സൗകര്യമില്ലാത്തതിനാലും ഇവിടെ ഗതാഗതക്കുരുക്ക് സംഭവിക്കും.
തിരക്കുള്ള ദിവസങ്ങളിലോ സമയങ്ങളിലോ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കണമെന്നാണ് ആവശ്യം. വാഹനങ്ങൾക്ക് അനായാസം കടന്നുപോകാൻ അടിപ്പാതയിൽ ബെൽ മൗത്ത് നിർമിക്കാൻ അധികാരികൾ തയാറാകണമെന്നും ആവശ്യം ശക്തമാണ്.