

അറസ്റ്റിലായ ഹരൻ
എരുമപ്പെട്ടി: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ പിടിയിൽ. വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ ഹരനെയാണ് (55) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ നിര്യാതനായ വെള്ളറക്കാട് വിവേകസാഗരം യു.പി സ്കൂൾ മാനേജർ ഹൈമന്റെ സഹോദരനാണ് പ്രതി. താൻ വിവേകസാഗരം സ്കൂൾ മാനേജറാണെന്നും സ്കൂളിൽ അധ്യാപക ജോലി നൽകാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഹരൻ തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ ആറ് കേസും ഒരു പരാതിയും നിലവിലുണ്ട്.
നിരവധി പേരിൽനിന്ന് അധ്യാപക ജോലിക്ക് ഇരുപത് ലക്ഷവും പതിനഞ്ച് ലക്ഷവും വീതം പണം വാങ്ങിയിട്ടുണ്ട്. പല കേസിലും ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടിയിട്ടുണ്ട്.
എന്നാൽ ഒരു വ്യക്തി കോടതിയിൽ നൽകിയ ചെക്ക് കേസിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വഞ്ചനാ കേസിൽ തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.