

പരിയാരത്തെ റമ്പുട്ടാൻ കൃഷി
ചാലക്കുടി: വേനൽമഴയെ തുടർന്ന് കാലാവസ്ഥ അനുകൂലമായത് പരിയാരം മേഖലയിലെ റമ്പുട്ടാൻ കർഷകർക്ക് ഇത്തവണ വലിയ പ്രതീക്ഷക്ക് വക നൽകുന്നു. കാര്യമായ വിളവെടുപ്പ് ലഭിക്കുമെന്ന് കരുതപ്പെടുന്നു. മിക്കവാറും എല്ലാ തോട്ടങ്ങളിലും റമ്പുട്ടാൻ മരങ്ങൾ കായ്ച്ചിട്ടുണ്ട്. അതിനാൽ പഴംവിപണിയിൽ വൻമുന്നേറ്റം നടത്താൻ സാധിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റമ്പുട്ടാൻ കൃഷി നടക്കുന്ന മേഖലയാണ് പരിയാരം. നേരത്തെ തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്ന് വ്യാപാരികൾ മൊത്തത്തിൽ തോട്ടങ്ങളിലെ ഒരു വർഷത്തെ വിളവ് കരാറാക്കാറുണ്ട്. പല കർഷകരും ലാഭം നഷ്ടപ്പെടാതിരിക്കാൻ വീടിന് മുന്നിലെ റോഡരികിൽ അതിരപ്പിള്ളി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കൂമ്പാരം കൂട്ടി കച്ചവടം നടത്തുന്നതും ഈ മേഖലയിലെ സവിശേഷതയാണ്.
കഴിഞ്ഞ വർഷത്തെ കടുത്ത വേനൽ പരിയാരം മേഖലയിലെ റമ്പുട്ടാൻ കർഷകരെ ചതിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ക്രമാതീതമായ ചൂട് ഉൽപാദനത്തെ ബാധിച്ചു. വലിയ പ്രതീക്ഷയർപ്പിച്ച കർഷകർക്ക് വേനൽ വലിയ തിരിച്ചടിയാണ് നൽകിയത്. അതു കൊണ്ട് കാര്യമായി നേട്ടം കൊയ്യാനായില്ല. പ്രതീക്ഷിച്ച അളവിൽ പഴം വിപണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഏപ്രിൽ മുതൽ ജൂലൈ വരെയാണ് റമ്പുട്ടാൻ സീസൺ. ഏപ്രിൽ, മേയ് പകുതി വരെയുള്ള കടുത്ത ചൂട് വേനൽമഴ വന്നതോടെ ഇത്തവണ തോട്ടങ്ങൾക്ക് ആശ്വാസം പകർന്നു. ജലാംശം സംരക്ഷിക്കാൻ സാധിച്ചതിനാൽ റമ്പുട്ടാൻ കായ്കൾ ആവശ്യത്തിന് വലിപ്പമുണ്ടാകും.