

ചെറുതോണി: പതിമൂന്നുകാരിയായ മകളോട് ലൈംഗികം കാട്ടിയ കേസിൽ പിതാവിന് 17 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫാണ് പൂമാല സ്വദേശിയായ 41കാരനെ ശിക്ഷിച്ചത്. 2022ലാണ് സംഭവമുണ്ടായത്. കുട്ടിയെയും അനുജത്തിയെയും വീട്ടിലാക്കി മാതാവ് അയൽക്കൂട്ടത്തിനുപോയ സമയം പിതാവ് കടന്നുപിടിച്ചെന്നാണ് കേസ്. അതിന് മുമ്പും പ്രതി പലതവണ ഇപ്രകാരം ചെയ്തിട്ടുള്ളതായും കുട്ടി മൊഴിയിൽ പറയുന്നു.
ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോകാൻ മടികാണിച്ച കുട്ടിയെ ശ്രദ്ധിച്ച കൂട്ടുകാരി വിവരം തന്റെ വീട്ടിൽ പറഞ്ഞു. അതിനുശേഷം നടത്തിയ കൗൺസലിങ്ങിലാണ് വിവരം പുറത്തുവന്നത്. വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി പറയുന്ന സാഹചര്യവുമുണ്ടായി. സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവിൽനിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന കുട്ടിയുടെ മാനസികാവസ്ഥയും ഇപ്പോൾ കുട്ടി ഷെൽട്ടർ ഹോമിൽ താമസിക്കേണ്ടി വന്ന സാഹചര്യവും വിലയിരുത്തിയ കോടതി പ്രതി ദയ അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷക്ക് അർഹനാണന്നും വിലയിരുത്തി.
പിഴത്തുക ഇരക്ക് നൽകണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കൂടാതെ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി ശിപാർശ ചെയ്തു. 2023ൽ കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയ എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ ജെയ്സൺ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. ആശ തുടങ്ങിയവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് ഹാജരായി.