വടക്കാഞ്ചേരി: വീട്ടിൽനിന്നും എട്ട് ലക്ഷം രൂപയുടെ സ്വർണാഭരണവും ടി.വിയും കവർന്നു. എങ്കക്കാട് എച്ച്.എം.സി കോർണറിനും ലക്ഷം വീടിനും ഇടയിലുള്ള കളത്തിൽ പറമ്പിൽ കുഞ്ഞാന്റെ അടച്ചിട്ട വീട്ടിലാണ് എട്ട് ലക്ഷം രൂപ വിലവരുന്ന 15 പവൻ സ്വർണാഭരണങ്ങളും രണ്ട് എൽ.ഇ.ഡി ടി.വികളും കൂടാതെ ബാത്ത് റൂമുകളിലെ പിച്ചള ഫിറ്റിങ്സും മോഷ്ടാക്കൾ കവർന്നത്. മുറികളിലുള്ള അലമാരകൾ കുത്തി തുറന്ന നിലയിലും വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലുമാണ്.
കഴിഞ്ഞദിവസം രാവിലെ പുല്ല് വെട്ടാൻ വന്ന തൊഴിലാളികളാണ് വീട് തുറന്നിട്ട നിലയിൽ കണ്ടതും ഉടമസ്ഥനെ അറിയിച്ചതും. ഭാര്യ മരിച്ചതിനെ തുടർന്ന് കുഞ്ഞാനും മക്കളും മലപ്പുറത്താണ്. മലപ്പുറത്ത് കോളജിലെ ജീവനക്കാരനാണ് കുഞ്ഞാൻ. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എസ്.എച്ച്.ഒ റിജിൻ എം. തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.