
കുന്നംകുളം: അതിമാരക ലഹരി മരുന്നുമായി കുന്നംകുളം ചൊവ്വന്നൂരിൽ നിന്ന് രണ്ടുപേരെ പിടികൂടി. ഇവരിൽ നിന്ന് രണ്ട് കിലോ ഹഷീഷ് ഓയിലും 65 ഗ്രാം എം.ഡി.എം.എ യും കണ്ടെടുത്തു. ഗുരുവായൂർ താമരയൂർ കുറ്റിയേരി വീട്ടിൽ നിതീഷ് (31), പേരകം കാവീട് മുസ്ലിം വീട്ടിൽ മുഹമ്മദ് അൻസിൽ (21) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം-വടക്കാഞ്ചേരി റോഡിലെ ചൊവ്വന്നൂരിൽ ഗെയിൽ ഗ്യാസ് ഓഫിസിനുമുന്നിൽ നിന്നാണ് സംഘം പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് കാർ മാർഗം ഇവർ ലഹരി മരുന്ന് കടത്തി കൊണ്ടുവരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക പൊലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കുന്നംകുളം എ.സി.പി ടി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതി നിതിഷിന്റേതാണ് കാർ. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

