
തളിക്കുളം (തൃശൂർ): കടലിൽ കുളിക്കുകയായിരുന്ന വിദ്യാർഥി തിരമാലയിൽപെട്ട് മരിക്കാനിടയാവുകയും രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരൻ കടലിലിട്ട് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് പിതാവിന്റെ പരാതി. രക്ഷപ്പെട്ട അബ്ദുറഹ്മാന്റെ പിതാവ് തളിക്കുളം ത്രിവേണി പുതിയവീട്ടിൽ കാജാ മൊയ്തീനാണ് ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ശനിയാഴ്ചയായിരുന്നു സംഭവം. തളിക്കുളം തമ്പാൻകടവ് അറപ്പത്തോടിനു സമീപം കടലിൽ കുളിച്ചിരുന്ന തൃത്തല്ലൂർ കമല നെഹ്റു സ്കൂളിലെ വിദ്യാർഥി നാദിർഷയാണ് തിരയിൽപ്പെട്ട് കടലിൽ മുങ്ങി മരിച്ചത്. ഇതിന് പിന്നാലെയാണ് ഒപ്പണ്ടായിരുന്ന കൂട്ടുകാരനും ഇതേ സ്കൂൾ വിദ്യാർഥിയുമായ അബ്ദുറഹ്മാനെ നാട്ടുകാരൻ മർദിച്ചത്.
കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ട നാദിർഷ കടലിൽ മുങ്ങിമരിക്കുകയായിരുന്നു. രക്ഷപ്പെട്ട അബ്ദുറഹ്മാനെ സമീപം തൊപ്പി ധരിച്ച് ഉണ്ടായിരുന്ന ആൾ കഴുത്ത് പിടിച്ച് കടലിൽ പലതവണ മുക്കിപ്പിടിച്ചു. ശരീരമാസകലം കൈ കൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് മകന്റെ ബോധം പോവുകയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃത്തല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും അവിടെനിന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും കൊണ്ടുപോയി. മകന്റെ നില വളരെ മോശമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
മർദിക്കാതെ അയാൾ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാമായിരുന്നു. മകനെ കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ മകനും അവിടെ ഉണ്ടായിരുന്നവർക്കും കൂടി മകന്റെ സ്നേഹിതൻ നാദിർഷായെ രക്ഷിക്കാനും കഴിയുമായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് മർദിച്ച ആൾക്കെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതോടെയാണ് കൊലകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് എസ്.പിക്ക് പരാതി നൽകിയത്.
