ഇരിങ്ങാലക്കുട: ബൈക്കിലെത്തി സത്രീയെ അടിച്ചു വീഴ്ത്തി മാല കവർന്ന പ്രതി പിടിയിൽ. പുല്ലൂർ പുളിഞ്ചോടിന് സമീപം ആനുരുളി സ്വദേശിനി രമണിയെ (59) ആക്രമിച്ച് രണ്ടര പവൻ തൂക്കം വരുന്ന മാല കവർന്ന സംഭവത്തിലെ പ്രതി വെള്ളിക്കുളങ്ങര കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമലാണ് (25) ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത് . വ്യാഴാഴ്ചയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് അയൽക്കാരിയോടൊപ്പം നടന്നു പോവുമ്പോഴാണ് രമണിയെ അടിച്ച് വീഴ്ത്തിയത്.
ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ സി.ഐ. അനീഷ് കരീം, എസ്.ഐ. ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകളെ പിന്തുടർന്ന് വിജനമായ സ്ഥലത്ത് വെച്ച് അടിച്ചു വീഴ്ത്തി മാല കവരുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ പേരിൽ മണ്ണുത്തി, ചാലക്കുടി, കൊടകര സ്റ്റേഷനുകളിൽ പത്തോളം സമാന കേസുകൾ നിലവിൽ ഉണ്ട്.
26ന് കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴിയമ്പലത്ത് ഓമന മോഹൻദാസ്, അതേ ദിവസം തന്നെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പുലാനിയിൽ ശോഭന പ്രേമൻ എന്നിവരുടെയും മാല പൊട്ടിക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു. കവർച്ചയിലൂടെ ലഭിക്കുന്ന പണം കേസുകളുടെ നടത്തിപ്പിനും ആഢംബര വാഹനം വാങ്ങാനും ആണ് ഉപയോഗിച്ചിരുന്നത്.
അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ എൻ.കെ. അനിൽ കുമാർ, കെ.പി. ജോർജ് , ജയകൃഷ്ണൻ, സെൻ കുമാർ, സൂരജ് വി. ദേവ് , ജീവൻ, സോണി, രാഹുൽ അമ്പാടൻ, സജു, വിപിൻ വെള്ളാംപറമ്പിൽ, ലൈജു എന്നിവരും ഉണ്ടായിരുന്നു.