ഗുരുവായൂർ: സഹപ്രവർത്തകൻ ക്ഷേത്രക്കുളത്തിൽ മുങ്ങിയെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പാതിരാത്രി രക്ഷാപ്രവർത്തനം നടത്തി. എല്ലാവരും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പാതിരാത്രിയോടെയാണ് സംഭവം.
ക്ഷേത്രക്കുളത്തിൽ ആറാട്ട് കുളിക്കാനിറങ്ങിയ സഹപ്രവർത്തകൻ കയറിയിട്ടില്ലെന്ന് സുഹൃത്താണ് പരാതിപ്പെട്ടത്. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും മുങ്ങിത്തപ്പിയിട്ടും മുങ്ങിയ ആളിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇതിനിടെയാണ് ഒരാൾ മുങ്ങിയെന്ന് പറയുന്നയാൾ തോർത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് പറഞ്ഞത്.
താമസസ്ഥലത്ത് ചെന്നുനോക്കിയപ്പോൾ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു. ആറാട്ട് ദിവസം രാത്രി പൊലീസിനെയും അഗ്നിരക്ഷ സേനയേയും നാട്ടുകാരേയും വട്ടംചുറ്റിക്കുകയും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയും ചെയ്തതിന് പൊതുഇടത്തിൽ ശല്യമുണ്ടാക്കിയെന്ന വകുപ്പിൽ ഇരുവർക്കുമെതിരെ കേസെടുത്തു.