കൊടുങ്ങല്ലൂർ: കാറിൽ കടത്തുകയായിരുന്ന 500 ലിറ്റർ സ്പിരിറ്റ് തൃശൂർ റൂറൽ ഡാൻസഫ് സംഘവും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് പിടികൂടി. തുടരന്വേഷണത്തിൽ ആലുവയിൽനിന്ന് 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. കാർ ഓടിച്ച അന്തിക്കാട് പുത്തൻപീടിക ഇക്കണ്ടംപറമ്പിൽ സുനിലിനെ (55) അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂർ ബൈപാസിലെ കോട്ടപ്പുറം ചാലക്കുളം സർവിസ് റോഡിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം കാർ തടയുകയായിരുന്നു. സുനിൽ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്ത് നിന്ന് അന്തിക്കാട് ഭാഗത്തേക്ക് വിൽപനക്കാണ് സ്പിരിറ്റ് കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 35 ലിറ്ററുള്ള 14 കന്നാസുകളിലാണ് സ്പിരിറ്റ് കാറിന്റെ സീറ്റിനടിയിലും മറ്റുമായി സൂക്ഷിച്ചിരുന്നത്.
സ്പിരിറ്റ് കൊണ്ടുവന്ന ആലുവ അശോകപുരത്തെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 800 ലിറ്ററോളം സ്പിരിറ്റ് കണ്ടെടുത്ത് എറണാകുളം റൂറൽ പൊലീസിന് കൈമാറി.ജില്ല പൊലീസ് മേധാക്ക് കിട്ടിയ വിവരത്തെ തുടർന്ന് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസിന്റെ നേതൃത്വത്തിൽ ഡാൻസഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പക്ടർ ഇ.ആർ. ബൈജു, ഡാൻസഫ് എസ്.ഐ വി.ജി. സ്റ്റീഫൻ, അംഗങ്ങളായ പി.പി. ജയകൃഷ്ണൻ, സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയാനി, മിഥുൻ ആർ. കൃഷ്ണ, ഷറഫുദ്ദീൻ, എം.വി. മാനുവൽ, കൊടുങ്ങല്ലൂർ എസ്.ഐമാരായ കെ. അജിത്, ഹരോൾഡ് ജോർജ്, സുരേഷ് ലവൻ, എ.എസ്.ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ഒ ജോസഫ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.