ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പിണ്ടി പെരുന്നാളിന് തന്നെ അറിയിക്കാതെ പോയ ദേഷ്യത്തിൽ ഭാര്യയുടെ തലയിൽ വെട്ടുകയും പല്ലുകൾ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേൽപിക്കുകയും ചെയ്ത് ഒളിവിൽ പോയ തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജുവാണ് (45) പിടിയിലായത്.
ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പറമ്പി റോഡിലുള്ള തറവാടിന്റെ പരിസരത്ത് നിന്ന് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ഷാജൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സജിബാൽ, ഉദ്യോഗസ്ഥരായ ശ്രീലാൽ, അനിൽ, പ്രസന്നകുമാർ, രാഹുൽ, ജീവൻ എന്നിവർ ഉണ്ടായിരുന്നു.