കുന്നംകുളം: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ ആരോമലിനെയാണ് (27) കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. യുവതി താമസിക്കുന്ന വീടിന് സമീപത്തെ റോഡിൽനിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ മദ്യക്കുപ്പി കൊണ്ട് തലയിൽ അടിച്ച് കാറിൽ വെച്ച് പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി തമിഴ്നാട്ടിലെ പളനിയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പിടികൂടാനായത്. ഇയാൾ ഉപയോഗിച്ച ബെൻസ് കാർ കസ്റ്റഡിയിലെടുത്തിരുന്നു. വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികളിൽ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. വിൽക്കാനെന്ന് പറഞ്ഞ് ഉടമസ്ഥരിൽ നിന്നും വാഹനങ്ങൾ കൈക്കലാക്കി പിന്നീട് മറ്റു പല സ്ഥലങ്ങളിൽ പണയം വെച്ചും ഉടമസ്ഥരറിയാതെ വിൽക്കുകയാണ് ചെയ്തിരുന്നത്.
കേസിൽ രണ്ടാം പ്രതി നടത്തറ ചുളയില്ല പ്ലാക്കൽ വീട്ടിൽ ഷെറിനെ (32) പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഷെറിൻ ആണ് വാഹനം ഓടിച്ചിരുന്നത്. തൃശൂർ സിറ്റി ജില്ല പൊലീസ് മേധാവി അങ്കിത് അശോകിന്റെ നിർദേശ പ്രകാരം കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ പി.ആർ. രാജീവ്, ഷക്കിർ അഹമ്മദ്, ആർ. നിധിൻ, സി.പി.ഒമാരായ രവികുമാർ, വിനീത, റെജിൻ ദാസ്, അനൂപ്, സൈബർ സെൽ ഉദ്യോഗസ്ഥരായ കെ.ജി. മിഥുൻ, കെ.എസ്. ശരത്ത്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പി. രാകേഷ്, സി.പി.ഒമാരായ എസ്. ശരത്ത്, ആഷിഷ് ജോസഫ്, എസ്. സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.