ചേർപ്പ്: കരുവന്നൂരിൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷ്റഫ് (38) ആണ് അറസ്റ്റിലായത്. കരുവന്നൂർ രാജ കമ്പനിക്ക് സമീപം ഇസ്ര വെൽനെസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കപ്പ് തെറപ്പി ചികിത്സകേന്ദ്രത്തിൽ ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഇല്ലാതെയാണ് മൂന്നു വർഷമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രദർശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു രോഗികളെ കപ്പിങ് തെറപ്പിക്ക് വിധേയമാക്കിയിരുന്ന സമയത്താണ് പൊലീസും ആരോഗ്യവകുപ്പും റെയ്ഡ് നടത്തിയത്.
ചികിത്സക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. ചേർപ്പ് സി.ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ ജില്ല ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.