ചെറുതുരുത്തി: പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് ശാപമോക്ഷം. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ചിട്ട ഇരുചക്ര വാഹനങ്ങൾക്കും മറ്റുള്ളവക്കുമാണ് ശാപമോക്ഷമായത്.
നിരവധി വർഷങ്ങളായി സ്റ്റേഷന് മുൻവശത്ത് തന്നെ ഈ വാഹനങ്ങൾ കൂട്ടിയിട്ടതുകൊണ്ട് ഉദ്യോഗസ്ഥരുടെ വാഹനങ്ങളടക്കം പുറത്തുവെക്കേണ്ട അവസ്ഥയായിരുന്നു. ഇത് നിരവധി തവണ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ ലേലത്തിൽ വിളിക്കുകയായിരുന്നു. പട്ടാമ്പി ഓങ്ങല്ലൂർ ഭാഗത്തുള്ള വ്യക്തിയാണ് ലേലം വിളിച്ച് വാഹനങ്ങൾ വണ്ടിയിൽ കൊണ്ടുപോകുന്നത്. ചെറിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാഹനങ്ങൾ പൊക്കിയെടുത്ത് ലോറിയിൽ കയറ്റി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വാഹനങ്ങൾ ഒരു വിധം കാലിയായ നിലയിലാണ്. ഇനിയുള്ളത് കൊച്ചിൻ പാലത്തിന് സമീപമാണ്. അവിടെനിന്നും ലേലം വിളിച്ചു പോയാൽ ആ ഭാഗവും വൃത്തിയാകും.