ഗുരുവായൂർ: മോഹൻലാലിന്റെ പഞ്ച് ഡയലോഗിൽ മാലിന്യത്തെ മെരുക്കി ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ വേദികൾ. ‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ഡയലോഗാണ് ‘ത്രോയിങ് വേസ്റ്റ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്നായി കലോത്സവ വേദിയിൽ പുനരവതരിച്ചിരിക്കുന്നത്.
കലോത്സവ വേദിയെ ശുചിയാക്കിയും പരിസ്ഥിതി സൗഹൃദ പൂർണമായും നിലനിർത്തുന്ന ഹരിത പ്രോട്ടോക്കോൾ കമ്മിറ്റിയുടെ വകയാണ് ലാലേട്ടൻ ഡയലോഗിന്റെ റീ എൻട്രി. മാലിന്യം തള്ളാൻ ഓല കൊണ്ട് മെടഞ്ഞെടുത്ത വല്ലം സ്ഥാപിച്ച് അതിനടുത്താണ് മോഹൻലാലിന്റെ ചിത്രസഹിതം മാസ് ഡയലോഗും എഴുതി വച്ചിരിക്കുന്നത്. മാലിന്യം വലിച്ചെറിയൽ ഞാനും ചെയ്യില്ല; മറ്റുള്ളവരും ചെയ്യില്ല എന്ന് പുതുതലമുറ പ്രഖ്യാപിക്കുന്നതിന്റെ സാക്ഷ്യമാണ് എവിടെയും മാലിന്യം അലക്ഷ്യമായി കൂടിക്കിടക്കാത്ത കലോത്സവ വേദി.
ഓരോ വേദികൾക്കടുത്തും മാലിന്യ ശേഖരണത്തിന് ഓല കൊണ്ടുള്ള വല്ലങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കലോത്സവ വേദിയിലെ ഒഴിഞ്ഞ കുടിവെള്ള കുപ്പികൾ എൻ.എസ്.എസ് വളന്റിയർമാർ വഴി ശേഖരിക്കുന്നുണ്ട്. ഇവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികൾക്കായി പുസ്തകങ്ങൾ വാങ്ങുകയാണ് ലക്ഷ്യമെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ സി.എസ്. സൂരജും കൺവീനർ സുനീഷ് കുമാറും പറഞ്ഞു.