ചാലക്കുടി: ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ. കൂടപ്പുഴ കല ക്ലബിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന കനാൽ തിണ്ടിലാണ് ഇവർ ഓണത്തിന് പൂക്കൾ ശേഖരിക്കാൻ കൃഷി ആരംഭിച്ചത്. നേരത്തെ വാഴയും കപ്പയും കൃഷി ചെയ്ത സ്ഥലത്താണ് ഇത്തവണ പരീക്ഷണാർഥം പൂകൃഷി ആരംഭിച്ചത്.
കനാലിൽ നാളുകളായി വെള്ളമൊന്നുമില്ല. ബന്ധപ്പെട്ട വകുപ്പ് ശുചീകരണം നടത്താത്തതിനാൽ ആകെ കാട് പടർന്നുകിടക്കുകയാണ്. എന്നാൽ, കനാൽ തിണ്ടിനെ കാടുകയറാൻ അനുവദിക്കാതെ നോക്കുകയാണ് ഇവർ കൃഷിയിലൂടെ. ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നട്ടത്. മഴ നിലച്ചതോടെ വെയിലേറ്റ് ചെടികൾ വാടാൻ തുടങ്ങി. ഇതോടെ ദൂരെനിന്ന് വെള്ളം എത്തിച്ച് നനക്കും. പലതും മൊട്ടിട്ട് പൂ വിരിയാറായിട്ടുണ്ട്. എന്തായാലും ഇത്തവണ പൂക്കളത്തിന് തമിഴ്നാട്ടിൽനിന്നുള്ള ചെണ്ടുമല്ലികൾ വാങ്ങാതെ ഇവ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണിവർ.