തൃശൂർ: ചേറ്റുപുഴയിൽ യുവാവിനെ സഹോദരനും സുഹൃത്തും തലക്കടിച്ച് കൊലപ്പെടുത്തിയതിലും വില്ലൻ ലഹരി തന്നെ. നിസ്സാരമായ തർക്കമാണ് ഷൈനിന്റെ ജീവനെടുക്കാൻ സഹോദരൻ ഷെറിനെ പ്രേരിപ്പിച്ചത്. സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെ പോലെ കഴിഞ്ഞിരുന്നവരാണ് ഇരുവരും. പക്ഷേ, ഒരുനിമിഷം കൊണ്ട് സാഹോദര്യവും സ്നേഹവും സൗഹൃദവുമല്ലാം ഇല്ലാതായി. ആളിക്കത്തിയ ദേഷ്യവും പ്രതികാരവും കൊലപാതകത്തിലേക്ക് എത്തി.
ഏറെ നാളായി പെയിന്റിങ് ജോലിക്കായി തമിഴ്നാട്ടിലെ ട്രിച്ചിയിലായിരുന്ന ഷൈൻ രാത്രിയിലാണ് തൃശൂരിൽ എത്തിയത്. ഈ സമയം ബസ് ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ വരാൻ സഹോദരൻ ഷെറിനോട് ആവശ്യപ്പെട്ടു. ഷെറിനും അരുണും മദ്യപിച്ചാണ് തൃശൂരിൽ എത്തിയത്. ഇരുവരും എത്തും മുമ്പ് ഷൈനും മദ്യപിച്ചിരുന്നു. കളിചിരിയുമായാണ് മൂവരും ചേറ്റുപുഴയിലെ വീട്ടിലേക്ക് പോയത്. ചേറ്റുപുഴയിലെത്തിയതോടെ ബൈക്കിലെ പെട്രോൾ തീർന്നു.
പെട്രോളടിച്ച് വരാൻ ഷൈൻ പറഞ്ഞപ്പോൾ പൈസ വേണമെന്ന് ഷെറിൻ ആവശ്യപ്പെട്ടു. മുമ്പ് തന്നിൽനിന്ന് വാങ്ങിയ പണത്തിൽനിന്ന് എടുത്തോളാൻ പറഞ്ഞപ്പോൾ തർക്കമായി. തമാശയിൽ തുടങ്ങിയ തർക്കം മൂത്തപ്പോൾ ഷെറിൻ ദേഷ്യത്തിൽ കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് ഷൈനിന്റെ തലക്കടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ഷൈനിനെ ബൈക്കിൽനിന്ന് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം ആംബുലൻസിനെയും പൊലീസിനെയും വിളിച്ചു പറയുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ച് അപകടമുണ്ടായി എന്നാണ് പറഞ്ഞത്. പക്ഷേ, പരിക്ക് ശ്രദ്ധയിൽപെട്ട ഡോക്ടർക്ക് സംശയമായി. പോസ്റ്റ്മോർട്ടത്തിൽ ഇതിന് സ്ഥിരീകരണവുമായതോടെ ദാരുണമായ കൊല പുറത്തുവന്നു. നാല് ദിവസത്തിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ചേറ്റുപുഴയിലേത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിയ്യൂർ ചേറൂരിൽ ഭാര്യയെ ഇരുമ്പ് വടികൊണ്ട് ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി സ്റ്റേഷനിലെത്തി കീഴടങ്ങിയത്.