ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെപ്പ് നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെപ്പ് നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.
ആനകളെ ചികിത്സിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്‌ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട്
ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ ഡോക്ടർമാരുൾപ്പെട്ട ആനചികിത്സാ ഉപദേശകസമിതിയുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ യോഗം ചേരാറുള്ളൂ. ചികിത്സയിലും പരിപാലനത്തിലും വേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ദേവസ്വം ഭരണസമിതിയുടെ അടുത്ത യോഗത്തിൽ ചർച്ചചെയ്യും.
ഓരോ ആനയുടെയും കെട്ടുതറികളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനുള്ള ആലോചനയുണ്ട്. അതും യോഗത്തിൽ തീരുമാനിക്കും. ആനക്കോട്ടയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററോട് ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മായാദേവി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ