ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റുമായി സഹകരിച്ചുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ കേന്ദ്രത്തിന് പ്രതിവർഷം 12 ലക്ഷം രൂപയുടെ മരുന്നാണ് ദേവസ്വം നൽകുന്നത്. ഇ തുക വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷൻ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും ഓൺലൈനിലാണ് പങ്കെടുത്തത്. എൻ.കെ. അക്ബർ എം.എൽ.എ.യും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും മുഖ്യാതിഥികളായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആമുഖപ്രഭാഷണം നടത്തി. സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ ഡയാലിസിസ് പദ്ധതി വിശദീകരിച്ചു. 17 വർഷത്തിനുള്ളിൽ കേരളത്തിൽ അഞ്ചുലക്ഷംപേർക്ക് ഡയാലിസിസ് നടത്തിയിട്ടുണ്ടെന്നും ഗുരുവായൂരിലേത് പത്താമത്തെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.