കൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴാനിരിക്കെ കിരീടസാധ്യത നിലനിർത്തി ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ. രണ്ടാം ദിനത്തിൽ 30 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ പോയന്റ് 108 ആയി ഉയർന്നു.
87 പോയന്റുമായി ടി.എച്ച്.എസ് ഷൊർണൂർ രണ്ടാം സ്ഥാനത്തും 78 പോയന്റുമായി ടി.എച്ച്.എസ് കുറ്റിപ്പുറം മൂന്നാമതുമുണ്ട്. ജില്ലതലത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ 121 പോയന്റുമായി പാലക്കാടാണ് മുന്നിൽ. 114 പോയന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 109 പോയന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്.
രണ്ടാം ദിനത്തിൽ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിന്റെ കെ.വി. ഭദ്രക്ക് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഉപന്യാസം എഴുത്തിലും എ ഗ്രേഡ് സ്വന്തമാക്കി മേളയുടെ താരമാകാനുള്ളവരിൽ മുൻ നിരയിലെത്തി. കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിലെ ഘനശ്യാം, ശ്രീദേവചന്ദ്ര, ലിയാന ബെന്നി, കെ.എസ്. അമിത്കൃഷ്ണ എന്നിവർ യഥാക്രമം ലളിതഗാനം, ഗിറ്റാർ, മിമിക്രി, ഇംഗ്ലീഷ് കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനം നേടി കൊടുങ്ങല്ലൂരിന്റെ മുന്നേറ്റത്തിന് കരുത്തുപകർന്നു.