

ജലധാര -ഒന്ന് സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര
കൊടുങ്ങല്ലൂർ: കുടിവെള്ള ക്ഷാമത്തിന്റെ ദുരിതക്കയത്തിൽ അകപ്പെട്ട് ജീവിതം യാതനാപൂർണമായവർ കൈകോർത്ത് ഒടുവിൽ സ്വന്തം കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. ശ്രീനാരായണപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പൊരി ബസാർ 26ാം കല്ല് കിഴക്ക് പ്രദേശത്താണ് ജനകീയ കൂട്ടായ്മയിൽ രൂപം നൽകിയ സ്വാശ്രയ കുടിവെള്ള പദ്ധതി വഴി കുടിനീർ ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത്. കല്ലുംപുറം പ്രദേശത്ത് 69 കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് ‘ജലധാര ഒന്ന്’ പദ്ധതി നടപ്പാക്കിയത്. ആകെ 4,20,000 രൂപയാണ് ചെലവഴിച്ചത്.
ഓരോ ഉപഭോക്താക്കളുടെയും വിഹിതമായ 4000 രൂപക്ക് പുറമെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സഹായവും തുണയായി. സ്ഥലത്തെ യുവാക്കളുടെ കായിക അധ്വാനവും മുതൽക്കൂട്ടായി. പൊതുകിണറിനു സമീപം നിർമിച്ച മൂന്ന് കുഴൽകിണറുകളിൽനിന്ന് മോട്ടോർ വെച്ച് വെള്ളം പമ്പ് ചെയ്ത് 1500 മീറ്റർ നീളമുള്ള പൈപ് ലൈൻ വഴിയാണ് വീടുകളിൽ എത്തിക്കുന്നത്. 5000 ലിറ്റർ ടാങ്കിൽ ശേഖരിക്കുന്ന വെള്ളം ഓട്ടോമാറ്റിക്ക് കൺട്രോൾ വഴി 24 മണിക്കുറും വിതരണം ചെയ്യും. പ്രത്യേക വൈദ്യുതി കണക്ഷനും ഉണ്ട്.
ജനകീയ ഘോഷയാത്രക്ക് ശേഷം ഗുണഭോക്താക്കൾ എല്ലാവരും ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്. തുടർന്ന് പദ്ധതിക്ക് സഹായകരമായി പ്രയത്നിച്ച പി.എൻ. സന്തോഷ്, വിഷ്ണു, മനോജ് എന്നിവരെ അഡ്വ. എ.ഡി. സുദർശനൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജലധാര -ഒന്ന് ചെയർപേഴ്സൻ അജിത ജയരത്നം അധ്യക്ഷത വഹിച്ചു. കൺവീനർ പി.ബി. ബിനോയ്, ട്രഷറർ ബിജു എരുമത്തുരുത്തി, സഹഭാരവാഹികളായ എം.വി. വിവേക്, ജിംഷ ടീച്ചർ, അബ്ദുൽ നാസർ, എ.ബി. ഷെബീർ എന്നിവർ സംസാരിച്ചു.