

സതീഷ്, അംബിക
തൃശൂർ: അതിരപ്പിള്ളിയിൽ ആദിവാസിയായ വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ് കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിൽ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ.
കാട്ടാനയുടെ ചവിട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചു കയറിയെന്നാണ് വിവരം. ആന്തരിക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചത്. ശ്വാസകോശത്തിലും മറ്റിടങ്ങളിലും രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ സതീഷിന്റെ മൃതദേഹം വനത്തിലെ പാറക്കെട്ടിന് മുകളിലും അംബികയുടെ മൃതദേഹം പുഴയിലുമാണ് കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ആദിവാസി കാടർ വിഭാഗത്തിൽപെട്ടവരാണ്. പ്രദേശത്ത് മറ്റു കുടുംബങ്ങളും താമസിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം എത്തിയപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സതീഷും അംബികയും ബന്ധുക്കളാണ്. അംബികയുടെ ഭർത്താവ് രവിയും സതീഷിന്റെ ഭാര്യ രമയും ഇവർക്കൊപ്പം താമസിച്ചിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിലുണ്ടായ കാട്ടാന ആക്രമണങ്ങളിൽ മരണങ്ങൾ സംഭവിച്ചതോടെ വനപാലകർക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. അംബികയുടെ മൃതദേഹം കൊണ്ടു പോകുന്നത് ബന്ധുക്കൾ തടഞ്ഞത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ വനം വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടി.