സോഷ്യൽ മീഡിയ താരങ്ങളായ സിജുവും രേവയും മകൾ ആമിയും ഇന്ന് മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയുമൊക്കെ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. മിക്ക റീൽസ് വീഡിയോസിലും ഇരുവരുടെയും മകൾ ആമിയും എത്താറുണ്ട്. ആമിക്കും ആരാധകർ ഏറെയുണ്ട്. ഷാർജ മുവൈലിയയിൽ താമസിക്കുന്ന ഈ കുടുംബം ഇന്നറിയപ്പെടുന്നത് അൽ മല്ലു ഫാമിലി എന്നുതന്നെയാണ്.
തൃശൂർ സ്വദേശികളായ രേവതി സിജുവും സിജു സിദ്ധാർഥനും എല്ലാവരെയും പോലെ ലോക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ് യൂറ്റ്യൂബ്ചാനൽ തുടങ്ങുന്നത്. കോവിഡ് കാലത്ത് അവധിക്ക് നാട്ടിലെത്തിയ സിജുവും രേവയും ലോക്ഡൗൺ കാരണം തിരിച്ച് യു.എ.ഇയിലേക്ക് മടങ്ങാനാവാതെ നാട്ടിൽ തന്നെ കുടുങ്ങി. ബോറഡി മാറ്റാൻ ഒരു ചാനലും തുടങ്ങി. ആ സമയത്താണ് യൂറ്റ്യൂബിൽ ഷോർട്സ് വീഡിയോ എന്ന ഓപ്ഷൻ വരുന്നത്.
അങ്ങനെ ഷോർട് വീഡിയോകൾ പോസ്റ്റ് ചെയ്തു. മകൾ ആമി കൂടെ വീഡിയോയിലൊരു ഭാഗമായതോടെ അവരെ ഇഷ്ടപ്പെടുന്നവരും കൂടി. അതോടെ ഈ കൊച്ചു ഫാമിലിയെ, അതായത് അൽ മല്ലു ഫാമിലിയെ ഇഷ്പ്പെടുന്നവർ ലക്ഷക്കണക്കിനായി. ഹേറ്റേർസ് കുറവാണെന്നോ, തീരെ ഇല്ലെന്നോ തന്നെ പറയാം. വീഡിയോകൾ റീച്ചാവുകയും ഒപ്പം പ്രേക്ഷകരുടെ പിൻതുണ കൂടെയായപ്പോൾ വീഡിയോ ചെയ്യാനായി സമയം കണ്ടെത്തി. നാട്ടിൽ ടിക്ടോക് ബാൻ ചെയ്തതോടെ യൂറ്റ്യൂബിൽ തന്നെ ശ്രദ്ധ കൊടുത്തു.
യു.എ.ഇയിലെത്തിയതോടെ ടിക് ടോക്കിലും സജ്ജീവമായി. ടിക്ടോക്കിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേർസുണ്ട്. ഒപ്പം ഇൻസ്റ്റഗ്രാമിലും സജീവമാണ്. സിജുവിന്‍റെയും രേവയുടെയും വീട്ടുകാർ നൽകുന്ന പിൻതുണയും വലുതാണെന്നവർ പറയുന്നു. നെഗറ്റീവ് കമൻറ്സ് താരതമ്യേനെ കുറവാണ് ഇവർക്ക്. യു.എ.ഇയിൽ സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് സിജു. മകൾ ആത്മിക ഷാർജ ഇന്ത്യൻ സ്കൂളിൽ ഗ്രേഡ് വൺ വിദ്യാർഥിനിയാണ്.
ആദ്യത്തെ ചാനൽ സിജു രേവ എന്ന ചാനലായിരുന്നെങ്കിലും, കൂടുതൽ ആളുകൾക്കും പ്രിയം ഒരു അൽ മല്ലു ഫാമിലി എന്ന ചാനൽ തന്നെയാണ്. ഏകദേശം 35 ലക്ഷം സബ്സ്ക്രൈബർസും ഈ ചാനലിലൂടെ സിജുവും രേവയും സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ അവരുടെ കുടുംബം ആളുകൾക്കിടയിൽ ഒരു അൽ മല്ലു ഫാമിലി എന്നു തന്നെ അറിയപ്പെട്ടുതുടങ്ങി.
യു.എ.ഇ ലൈസൻസ് നേടിയ ഇൻഫ്ലുവൻസേർസാണ് സിജുവും രേവയും. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായ ഇവർക്ക് യു.എ.ഇയിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരുടെ പരിശ്രമം തന്നെയാണ് ചാനലിന്‍റെ വിജയമെന്നും ഇവർ പറയുന്നു. രണ്ട് തവണ യൂട്യൂബ് ഗോൾഡൻ ക്രിയേറ്റർ അവാർഡും സിൽവർ ക്രിയേറ്റർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
2023ലും 2024ലും യു.എ.ഇ മിഡിൽ ഈസ്റ്റ് ഇൻഫ്ലുവൻസർ അവാർഡ് വിജയികളായിരുന്നു സിജു രേവ. 2023ൽ യു.എ.ഇ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർസ് ഫ്ലൈറ്റ് മാഗസിൻ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. യു.എ.ഇ മോം എന്‍റർപ്രെനർ അവാർഡും രേവ കരസ്ഥമാക്കിയിട്ടുണ്ട്.